മോഫിയയുടെ സഹപാഠികളെ പൊലീസ് വിട്ടയച്ചു; ഗുണ്ടകളെപ്പോലെ പൊലീസ് പെരുമാറിയതായി വിദ്യാർത്ഥികള്‍

single-img
25 November 2021

എറണാകുളം ജില്ലയിലെ ആലുവയിൽ സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സഹപാഠികളെ പൊലീസ് വിട്ടയച്ചു. മോഫിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച തങ്ങളെ പ്രകോപനവും കൂടാതെയാണ് പൊലീസ് അറസ്റ്റുചെയ്തതെന്ന് അൽ അസർ ലോ കോളേജ് വിദ്യാർത്ഥികള്‍ ആരോപിച്ചു. നിലവിൽ എസ്പിക്ക് നേരിട്ട് പരാതി കെെമാറുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാർത്ഥികള്‍ വ്യക്തമാക്കി.

എന്നാൽ, ഇവർക്കെതിരെ കേസെടുക്കില്ലെന്നും ആലുവ എസ്.പിയെ കണ്ട് പരാതി നൽകാനുള്ള സൗകര്യം ചെയ്തുകൊടുക്കാമെന്നും പൊലീസ് ഉറപ്പ് നല്‍കി. നാല് പേർക്ക് എസ്പിയെ കാണാൻ അനുവാദം നൽകിയിട്ടുണ്ട്. ഇവരെ എസ്.പി ഓഫീസിലെത്തിച്ചു.

ഇവർ ആലുവ സിഐ സുധീറിനെതിരെ പരാതി നൽകാനെത്തിയപ്പോള്‍ 23 വിദ്യാര്‍ഥികളെയായിരുന്നുപൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു പാർട്ടിയുടെയും കൊടിയുടെയും ബലമില്ലാതെ വിദ്യാർത്ഥികളെന്ന നിലയിലായിരുന്നു പ്രതിഷേധം. നിയമത്തില്‍ വിശ്വസിക്കുന്നവരായതിനാലാണ് എസ്പി ഓഫീസില്‍ പരാതിയുമായി സമീപിച്ചത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ അറസ്റ്റുചെയ്ത് നീക്കുകയാണ് ഉണ്ടായതെന്നും വിദ്യാർത്ഥികള്‍ പറയുന്നു.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ എടത്തല സ്റ്റേഷനിലേക്കായിരുന്നു മാറ്റിയത്. ഇവിടെയും വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പൊലീസിന്‍റെ സമീപനം വളരെ മോശമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചിരുന്നു. സമരം ചെയ്യാന്‍ നിങ്ങളാരാണെന്നും എല്‍.എല്‍.ബി ഭാവി കളയുമെന്നും ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു.