ഇനി മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് സഞ്ചരിക്കാം; വിമാനയാത്രാ നിയന്ത്രണങ്ങളില്‍ ഇളവുമായി കേന്ദ്രം

single-img
12 October 2021

രാജ്യത്തെ കോവിഡ്-19 തീവ്രമായ സാഹചര്യത്തിൽ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇപ്പോൾ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇളവ് അനുവദിച്ചത്.

പുതിയ തീരുമാന പ്രകാരം മുഴുവന്‍ സീറ്റുകളിലും ഇനി യാത്രക്കാര്‍ക്ക് സഞ്ചാര അനുമതിയുണ്ടാവും. ഈ മാസം 18 തിങ്കളാഴ്ച മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചെങ്കിലും എയര്‍ലൈനുകളും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരും കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിർദ്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ വിമാനങ്ങളുടെ സര്‍വ്വീസ് ശേഷി 72.5 ശതമാനത്തില്‍ നിന്ന് 85 ശതമാനമായി ഉയര്‍ത്തിയിരുന്നു. കോവിഡ് സമയത്ത് 33 ശതമാനമാക്കിയിട്ടായിരുന്നു സര്‍വീസ് ചുരുക്കിയത്. എന്നാല്‍ ക്രമേണ ഡിസംബറോടെ ഇത് 80 ശതമാനമായി വീണ്ടും ഉയർത്തുകയായിരുന്നു.