എന്തുകൊണ്ട് ജനങ്ങള്‍ കൃത്യമായി നികുതി നല്‍കണം; ആവശ്യകത ഓര്‍മിപ്പിച്ച്‌ രാഷ്ട്രപതി

single-img
28 June 2021

നമ്മുടെ രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് ജനങ്ങള്‍ കൃത്യമായി നികുതി നല്‍കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. താനും കൃത്യമായി മാസംതോറും നികുതി നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജന്മനാടായ യു പിയില്‍ സന്ദര്‍ശനത്തിനിടെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ട്രെയിന്‍ ഏതെങ്കിലും കാരണത്താല്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയില്ലെങ്കില്‍ ദേഷ്യം കാരണം ചിലര്‍ ട്രെയിനിന് തീയിട്ടെന്ന് വരും. പക്ഷെ അത്തരത്തില്‍ ഒരു ട്രെയിന്‍ കത്തിച്ചാല്‍ ആര്‍ക്കാണ് നഷ്ടം. ജനങ്ങള്‍ പറയും അത് സര്‍ക്കാറിന്റെ സ്വത്താണെന്ന്. ശരിക്കും അത് നികുതിദായകരുടെ പണം ഉപയോഗിച്ച്‌ വാങ്ങിയതാണ്.രാഷ്ട്രപതിയാണ് നമ്മുടെ രാജ്യത്തെ ഏറ്റവും ശമ്പളം ലഭിക്കുന്ന ജീവനക്കാരനെന്ന് എല്ലാവര്‍ക്കും അറിയാം.ഈ രാഷ്ട്രപതിയും നികുതിദായകനാണ്.

2.75 ലക്ഷം രൂപ ഓരോ മാസവും ഞാന്‍ നികുതിയായി നല്‍കുന്നുണ്ട്. അഞ്ചു ലക്ഷം കിട്ടുന്നുവെന്ന് എല്ലാവരും പറയും, പക്ഷേ, ഇത് നികുതയായി നല്‍കുന്നു’-ജിന്‍ജാക് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു.

ഇവിടെ അധ്യാപകര്‍ക്കാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്. നികുതിയാണ് വികസനത്തിലേക്ക് നയിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടാന്‍ മാത്രമാണ് ഇക്കാര്യം പറഞ്ഞത്. അപ്പോള്‍, ഒരു ട്രെയിന്‍ കത്തിച്ചാല്‍ അത് എന്റെയും നിങ്ങളുടെയും നഷ്ടമാണ് -രാഷ്ട്രപതി പറഞ്ഞു.