സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരിയായ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്: സോണിയ ഗാന്ധി

single-img
3 January 2021

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭം തുടരുമ്പോള്‍ കര്‍ഷക സമരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കൊടുംതണുപ്പും മഴയും സഹിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം 39 ദിവസം പിന്നിടുകയാണ്. രാജ്യത്തെ പൗരന്‍മാര്‍ക്ക് വേണ്ടിയാണ് അവര്‍ പ്രക്ഷോഭം നടത്തുന്നത്. അമ്പതിലധികം കര്‍ഷകര്‍ മരണമടഞ്ഞു. ചിലര്‍ ആത്മഹത്യ ചെയ്തു. എന്നിട്ടും മോദിയ്‌ക്കോ അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കോ മനംമാറ്റം ഉണ്ടായില്ലെന്നും സോണിയ പറഞ്ഞു.

രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വമെന്നും പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും ഇക്കാര്യം ഒന്നുകൂടി പഠിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ ദുരിതത്തിലാക്കുന്ന കേന്ദ്രത്തിന്റെ നിലപാട് തികഞ്ഞ അഹങ്കാരമാണെന്നും സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരിയായ സര്‍ക്കാരാണ് കേന്ദ്രം ഇപ്പോള്‍ ഭരിക്കുന്നത്. രാജ്യത്തെ പൗരന്‍മാരെ തീറ്റിപ്പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാത്ത സര്‍ക്കാരാണിതെന്നും സോണിയ പറഞ്ഞു.