തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആര്‍എസ്എസിനെപ്പോലെ പ്രവര്‍ത്തിക്കണം; ആഹ്വാനവുമായി പട്ടാണി മക്കള്‍ കച്ചി
തമിഴ്നാട്ടില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അണികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി പട്ടാണി മക്കള്‍ കച്ചി (പി.എം.കെ) നേതാവ് എസ്. രാമദോസ്. ഇതിനായി ആര്‍എസ്എസ് പ്രവര്‍ത്തന മാതൃക പിന്തുടരുന്നത് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വിര്‍ച്വല്‍ മീറ്റിംഗിനിടെയായിരുന്നു രാമദോസിന്റെ ഈ പ്രസ്താവന.
സംസ്ഥാനത്തെ 25 മണ്ഡലങ്ങളില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇങ്ങനൊരു പാര്‍ട്ടിയുടെ തന്നെ ആവശ്യകതയെന്താണെന്നും അദ്ദേഹം അണികളോട് ചോദിക്കുന്നു. പാര്‍ട്ടി ഇതുവരെ 9 പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളും ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളെയും നേരിട്ടു. ഇതിലെ ഓരോ തെരഞ്ഞെടുപ്പിലും ഒരു ശതമാനം വോട്ട് വര്‍ദ്ധിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആകെ മൊത്തം 21 ശതമാനം വോട്ട് വര്‍ദ്ധന നമ്മുടെ പാര്‍ട്ടിയ്ക്ക് ലഭിക്കുമായിരുന്നു.
അത്രയും ശതമാനം വോട്ട് നേടാനായിരുന്നെങ്കില്‍ സംസ്ഥാനത്ത് ശക്തമായ സ്വാധീനമുണ്ടാക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയുമായിരുന്നു, രാമദോസ് പറഞ്ഞു. തമിഴ്നാട് നിയമസഭയില്‍ പിഎംകെയില്‍ നിന്ന് ഒരു പ്രതിനിധിപോലുമില്ലാത്തതിന് കാരണം പാര്‍ട്ടിയുടെ അടിസ്ഥാനതല പ്രവര്‍ത്തനത്തിലെ പിഴവാണെന്നും രാമദോസ് പറഞ്ഞു.എന്നാല്‍ നിങ്ങള്‍ ആര്‍എസ്എസിനെപോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തിന്റെ ഓരോ കോണിലും ക്ഷേമ പദ്ധതികള്‍ എത്തിക്കാമായിരുന്നു.
അങ്ങിനെ ചെയ്യുന്നതിലൂടെ ഓരോ തെരഞ്ഞെടുപ്പിലും നമ്മുടെ പാര്‍ട്ടിയുടെ എംഎല്‍എമാരെ പാര്‍ട്ടി പ്രതിനിധിയായി നിയമസഭയില്‍ എത്തിക്കാന്‍ കഴിയുമായിരുന്നു.അദ്ദേഹം പറഞ്ഞു.