ബൈഡൻ വിജയത്തിലേയ്ക്ക്;വോട്ടെണ്ണലിനെതിരെ നുണപ്രചാരണങ്ങളുമായി ട്രമ്പ്

single-img
6 November 2020

അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ (US Presidential Elections) വോട്ടെണ്ണൽ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ ഡെമോക്രാറ്റിക് പാർട്ടിയുടെ (Democratic Party) സ്ഥാനാർത്ഥി ജോ ബൈഡൻ(Joe Biden) വിജയിക്കാനുള്ള സാധ്യതകൾ ഏറുകയാണ്. പരാജയം മുന്നിൽക്കണ്ട് ട്രമ്പ് വോട്ടെണ്ണലിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവില്‍ 253 ഇലക്ടറല്‍ കോളജ് വോട്ടുമായി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് മുന്നില്‍. പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന് 214 വോട്ടുകളാണുള്ളത്.

16 ഇലക്ടറൽ സീറ്റുകളുള്ള ജോർജ്ജിയ സ്റ്റേറ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രമ്പിന്റെ നിസാ‍ര ലീഡ് (1709) ബൈഡൻ മറികടക്കുമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ വിലയിരുത്തുന്നത്. ട്രമ്പ് മുന്നിട്ട് നിന്ന പെൻസിൽവാനിയയിലും ട്രമ്പിന്റെ ലീഡിനെ ബൈഡൻ മറികടക്കുന്ന നിലയാണുള്ളത്. നെവാഡയിലും അരിസോണയിലും ബൈഡനാണ് മുന്നിട്ട് നിൽക്കുന്നത്.

നിലവിൽ വോട്ടെണ്ണുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ നോർത്ത് കരോലിനയിൽ മാത്രമാണ് വ്യക്തമായ ലീഡൊടെ ട്രമ്പ് മുന്നിട്ട് നിൽക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ വിജയിച്ചാലും 270 എന്ന വിജയ നമ്പരിലേയ്ക്കെത്താൻ ട്രമ്പിന് സാധിക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം പരാജയം മുന്നിൽക്കണ്ട പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വോട്ടെണ്ണൽ പ്രക്രിയയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. പോസ്റ്റല്‍ ബാലറ്റുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് അദ്ദേഹം ആരോപിച്ചു. തന്നെ തോല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഡെമോക്രാറ്റുകള്‍ ഗൂഢാലോചന നടത്തിയെന്നും ശക്തമായ നിയമോപോരാട്ടം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

എന്നാൽ ട്രമ്പിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അമേരിക്കയിലെ ഭൂരിഭാഗം മാധ്യമങ്ങളും പറയുന്നു. നുണപ്രചാരണങ്ങൾ നിറഞ്ഞ ട്രമ്പിന്റെ വാർത്താസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം പലമാധ്യമങ്ങളും നിർത്തിവെയ്ക്കുകയും ചെയ്തു.