ഫ്രഞ്ച് പ്രസിഡന്റിനെതിരെ കൊല്‍ക്കത്തയില്‍ പ്രതിഷേധവുമായി ഇസ്ലാമിക സംഘടനകള്‍
പ്രവാചകൻ മുഹമ്മദിനെ ചിത്രീകരിച്ച ഒരു കാർട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ ഇന്ത്യയിലെ കൊൽക്കത്തയിലും ഇസ്ലാമിക സംഘടനകളുടെ പ്രതിഷേധം. മാക്രോണിന്റെ കോലങ്ങള്‍ കൈകളിലേന്തി അണിനിരന്ന പ്രവർത്തകർ കേന്ദ്ര സർക്കാർ എത്രയും വേഗം ഫ്രഞ്ച് അംബാസിഡറെ വിളിച്ചുവരുത്തി അപലപിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിഷേധത്തില്‍ മാക്രോണിന്റെ കോലങ്ങൾ പ്രതിഷേധക്കാർ കത്തിക്കുകയും ചെയ്തു. എന്നാല്‍ ഫ്രാൻസിനെയും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും ഇന്ത്യ പിന്തുണയ്ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ സ്കൂളില്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുത്തതിന്റെ പേരിൽ പാരീസിൽ അധ്യാപകനെ കൊലപ്പെടുത്തിയിരുന്നു.ഇതിലെ അക്രമിയെ പോലീസ്പിന്നീട് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
ഈ സംഭവം ഇസ്ലാമിക തീവ്രവാദ ആക്രമണം ആണെന്ന് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചിരുന്നു. അതിന് ശേഷം നിരവധി ഇസ്ലാമിക രാഷ്ട്രങ്ങൾ ഫ്രഞ്ച് ഉത്പന്നങ്ങളുടെ ബഹിഷ്കരണം ഉൾപ്പെടെ വ്യാപക പ്രതിഷേധങ്ങൾ ഇപ്പോഴും നടത്തുകയാണ്.