കുഞ്ഞു രാത്രി ഉണർന്നാൽ മുലപ്പാൽ കുടിക്കുന്ന കുഞ്ഞാണെങ്കിൽ അമ്മ പാൽ കൊടുത്തതിന് ശേഷം കുഞ്ഞിനെ ആരുറക്കും? അത് തീർച്ചയായും അച്ഛന്റെ ജോലിയാണ്; കുട്ടികളെ വളർത്തുന്നതിൽ അച്ഛന്റെ റോൾ; ഡോ. സുരേഷ് സി പിള്ള പറയുന്നത്
തങ്ങൾക്ക് കുഞ്ഞുങ്ങളുടെ വളർച്ചയിലും, സ്വഭാവ രൂപീകരണത്തിലും വലിയ റോളൊന്നും ഇല്ല, വീട്ടിൽ ഭക്ഷണത്തിനുള്ള വക കൊണ്ടു വന്നാൽ തങ്ങളുടെ ജോലി തീർന്നു എന്നു വിചാരിക്കുന്ന വലിയൊരു വിഭാഗം പുരുഷന്മാരുണ്ട്. എന്നാൽ കുഞ്ഞുങ്ങളുടെ വളർച്ചയിലെ ഓരോ ഘട്ടത്തിലും അച്ഛന് വലിയ പങ്കാണു വഹിക്കാനുള്ളത്. കുഞ്ഞുങ്ങളെ വളർത്തുമ്പോൾ ഓരോ സ്റ്റേജിലും അച്ഛന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ട പ്രധാന ഇടപെടലുകളെ കുറിച്ച് വിവരിച്ചിരിക്കുകയാണ് ഡോ. സുരേഷ് സി പിള്ള തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:
ലോക്ക് ഡൌൺ സമയങ്ങളിൽ കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങളും, അതിൽ നിന്നും അമ്മമാർ അനുഭവിക്കുന്ന സ്‌ട്രെസും വളരെ വലുതാണ്.
തങ്ങൾക്ക് കുട്ടികളുടെ വളർച്ചയിലും, സ്വഭാവ രൂപീകരണത്തിലും വലിയ റോളൊന്നും ഇല്ല, വീട്ടിൽ ഭക്ഷണത്തിനുള്ള വക കൊണ്ടു വന്നാൽ തങ്ങളുടെ ജോലി തീർന്നു എന്നു വിചാരിക്കുന്ന വലിയൊരു വിഭാഗം പുരുഷന്മാരുണ്ട്.
കുട്ടി ഉണ്ടായാൽ കുഞ്ഞുണർന്നാൽ രാത്രി കുഞ്ഞിനെ ഒന്നുറങ്ങാൻ സഹായിക്കാതെ “അടുത്ത റൂമിലെങ്ങാനും പോകൂ, മനുഷ്യന് ഉറങ്ങണ്ടേ?” എന്ന് പറയുന്നവരും; കുഞ്ഞുണ്ടായാൽ അമ്മയെയും കുഞ്ഞിനേയും ആറ് മാസം ഭാര്യവീട്ടിൽ പറഞ്ഞയച്ചു വെള്ളം അടിച്ചു, ‘ഇതാണളിയാ സ്വാതന്ത്ര്യം’ എന്ന് പറയുന്നവരെയും നമ്മുടെ ചുറ്റിനും കാണാം
കുഞ്ഞിനെ പ്രസവിച്ചതിന്റെ ക്ഷീണവും, post-traumatic stress ഒക്കെ അനുഭവിക്കുന്നവരും ഒറ്റയ്ക്ക്, പങ്കാളിയുടെ സഹായമില്ലാതെ കുഞ്ഞിനെ നോക്കുന്നത് നമ്മളൊക്കെ ധാരാളം കണ്ടിട്ടും ഉണ്ടാവും.
കുഞ്ഞുണ്ടാകുന്നത് മുതൽ അച്ഛന് എന്തൊക്കെ ചെയ്യാൻ പറ്റും?
എങ്ങിനെ കുഞ്ഞിനെ വളർത്തുമ്പോൾ ഓരോ സ്റ്റേജിലും അച്ഛന്റെ ഭാഗത്തു നിന്ന് ഒരു ‘ഫെയർ ഷെയർ’ ഉണ്ടാവാം?
കുട്ടി ഉണ്ടാകുന്നതിന് മുൻപേ രണ്ടു പേരും കൂടിയിരുന്ന് എങ്ങിനെയാണ് ജോലികൾ തുല്യമായി വീതിക്കുന്നത് എന്ന് ആലോചിക്കാം. രണ്ടു പേരും ചേർന്ന് എന്തൊക്കെ ഉത്തരവാദിത്വങ്ങൾ പരസ്പരം ഷെയർ ചെയ്യാം എന്ന് കുട്ടി ഉണ്ടാവുന്നതിന് മുൻപേ ഒരു പേപ്പറിൽ എഴുതി വയ്ക്കാം.
ഓരോരുത്തരുടെ സാഹചര്യങ്ങൾ അനുസരിച്ചും കാര്യങ്ങൾ വ്യത്യസ്തങ്ങൾ ആവാം. പൊതുവായ ആയ ഒരു പ്രാവർത്തിക നിർദ്ദേശങ്ങൾ ആണ് താഴെ പറയുന്നത്.
- കുഞ്ഞിന്റെ വളർച്ചയിലും, രക്ഷാകർത്തിത്വത്തിലും അച്ഛനും, അമ്മയ്ക്കും തുല്യ റോളുകൾ ആണ് ഉള്ളത്. മുലപ്പാൽ കൊടുക്കുന്ന അമ്മമാരെങ്കിൽ ആ ജോലി അമ്മയ്‌ക്കല്ലേ, ചെയ്യാൻ പറ്റുള്ളൂ? അപ്പോൾ കുട്ടി അപ്പിയിട്ടാൽ, വൃത്തിയാക്കുന്നതും, കഴുകുന്നതും, അച്ഛൻ ചെയ്യുന്നതാണ് ‘ഫെയർ’.
- കുട്ടി രാത്രി ഉണർന്നാൽ മുലപ്പാൽ കുടിക്കുന്ന കുട്ടിയെങ്കിൽ അമ്മ പാൽ കൊടുത്തതിന് ശേഷം ആരുറക്കും? അത് തീർച്ചയായും അച്ഛന്റെ ജോലിയാണ്. പാൽ കുടിച്ച ശേഷം കുട്ടിയെ അച്ഛന്റെ കൈയിൽ കൂട്ടിലെ ഏൽപ്പിക്കാം. പിന്നീട് ഉറക്കുന്ന ജോലി അച്ഛന്റെയാണ്. പാലുണ്ടാക്കി കുടിക്കുന്നത് ആണെങ്കിൽ ഓരോ ദിവസവും മാറി മാറി അച്ഛനും അമ്മയ്ക്കും ചെയ്യാം.
- അടുക്കളയിൽ ആര്? കുഞ്ഞിന് അമ്മയുടെ കൂടെ കൂടുതൽ സമയം ചിലവഴിക്കേണ്ടതായി വരുന്നതിനാൽ, അടുക്കള ജോലികൾ ആദ്യത്തെ ഒരു വർഷം അച്ഛൻ മുൻകൈ എടുത്ത് ചെയ്യുന്നതാണ് ഉത്തമം. അമ്മയ്ക്ക് ഇടയ്ക്ക് സമയം പോലെ ഭർത്താവിനെ സഹായിക്കാം.
- മറ്റേർണിറ്റി/ പറ്റേണിറ്റി ലീവുകൾ പകുത്തെടുക്കാൻ പറ്റുമെങ്കിൽ അങ്ങിനെ ചെയ്യാം. ആദ്യത്തെ ഒരു മാസം കഴിയുമെങ്കിൽ അമ്മ അടുത്തുണ്ടാവുന്നതാണ് ഉത്തമം. അതു കഴിഞ്ഞു പറ്റുമെങ്കിൽ അച്ഛനും അമ്മയും കുട്ടിയെ ക്രഷിൽ വിടുന്നത് വരെ ലീവുകൾ ഷെയർ ചെയ്യാൻ പറ്റുമോ എന്ന് നോക്കുക. വിദേശത്തൊക്കെ ഇത് പ്രവർത്തികമാണ്. നാട്ടിലും ഇത് പറ്റുമോ എന്ന് നിങ്ങളുടെ എംപ്ലോയറോട് സംസാരിക്കുക. കുറെ ആൾക്കാർ എങ്കിലും ഇങ്ങനെ ചെയ്താൽ എംപ്ലോയർ മാറി ചിന്തിക്കും.
- കുട്ടി വളരുന്നത് അനുസരിച്ചു ഉത്തരവാദിത്വങ്ങളും ഷെയർ ചെയ്യണം. കുട്ടിയെ ഹോം വർക്കുകൾ ഹെല്പ് ചെയ്യുക, ട്യൂഷന് കൊണ്ടുപോകുക ഇവയൊക്കെ പരസ്പരം ഷെയർ ചെയ്തു നടപ്പിലാക്കാം.
നിങ്ങളുടെ ഇഷ്ടങ്ങൾക്കും, സൗകര്യങ്ങൾക്കും അനുസരിച്ചു ഈ ലിസ്റ്റ് വിപുലപ്പെടുത്താം.
അവസാനമായി എഴുത്തുകാരി ആയ Jane Blaustone പറഞ്ഞത് “The best security blanket a child can have is parents who respect each other.” എന്നാണ്.
അതായത് ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷിതത്വം തോന്നുന്നത് പരസ്പരം ബഹുമാനിക്കുന്ന മാതാപിതാക്കളെ കാണുമ്പോൾ ആണ്. പരസ്പരം സ്നേഹിക്കുക ബഹുമാനിക്കുക എന്നാൽ ജോലികളും ഉത്തരവാദിത്വങ്ങളും പരസ്പരം ഷെയർ ചെയ്യുക കൂടി ആണ്.