ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയിൽ: പിണറായിക്കു വേണ്ടി ഹരീഷ് സാല്‍വേയും വി ഗിരിയും ഹാജരാകും

single-img
8 October 2020

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ ഇന്ന് വാദം കേള്‍ക്കല്‍ തുടങ്ങിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ അപ്പീല്‍ നല്‍കിയത്. 

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇന്ന് ഹാജരാകുക. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും വി ഗിരിയും ഹാജരാകും. കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുകയാണെങ്കില്‍ സിബിഐയുടെ വാദമായിരിക്കും ആദ്യം കോടതി കേള്‍ക്കുകയെന്നാണ് സൂചനകൾ. 

അടിയന്തര പ്രാധാന്യമുള്ള കേസാണെന്നും വേഗത്തില്‍ പരിഗണിക്കണമെന്നും കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. പിണറായി വിജയന്‍, കെ.മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു.