സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തില്‍ പങ്കെടുത്തു; ഇറാനില്‍ ഗുസ്തി ചാമ്പ്യന് തടവും ചാട്ടവാറടിയും വധശിക്ഷയും

single-img
6 September 2020

ഇറാനിൽ 2018ൽ സർക്കാരിനെതിരെ നടന്ന ഭരണ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് രാജ്യത്തെ ഗുസ്തി ചാമ്പ്യന് വിധിച്ചത് വധശിക്ഷ. ഇറാനിലെ ദേശീയ ഹീറോയായ നവിദ് അക്ഫാരിക്ക് ആറര വർഷം തടവും 74 ചാട്ടവാറടിയും എല്ലാത്തിനും പുറമെ വധശിക്ഷയും ലഭിക്കുമെന്ന് ഇറാനിലെ സുപ്രീം കോടതി സ്ഥിരീകരിച്ച കാര്യം പേർഷ്യൻ ഭാഷാ ബ്രോഡ്കാസ്റ്ററായ ഇറാൻ ഇന്‍റര്‍നാഷണല്‍ ആണ് വ്യക്തമാക്കിയത് .

സമാന കുറ്റം ചാർത്തപ്പെട്ട അക്ഫാരിയുടെ സഹോദരന്മാരായ വാഹിദിനെയും ഹബീബിനെയും വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് 54 വര്‍ഷവും 27 വർഷവും വീതം തടവും 74 ചാട്ടവാറടിയും ശിക്ഷയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.ഇറാനിലെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് 2018ല്‍ രാജ്യമാകെ പ്രക്ഷോഭം ഉണ്ടാകുന്നത്. ഇതിലെ ഒരു പ്രക്ഷോഭത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു.

നിയമവിരുദ്ധമായി കൂടിചേരലുകൾ, രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ഗൂഡാലോചന, ഇറാൻ പരമോന്നത നേതാവിനെ അപമാനിക്കൽ എന്നിവ ഉൾപ്പെടെയുള്ള 20 വ്യത്യസ്ത കുറ്റങ്ങളാണ് ജുഡീഷ്യറി ഇവര്‍ക്കെതിരെ ചുമത്തിയത്.

സർക്കാരിനെതിരെയുള്ള പ്രതിഷേധക്കാർക്കും രാഷ്ട്രീയ തടവുകാർക്കും എതിരെ വധശിക്ഷ വ്യാപകമായി ഉപയോഗിക്കുന്നതില്‍ ഇറാൻ മുൻപേ തന്നെ കുപ്രസിദ്ധമാണ്. ലോകമാകെ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷണൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 ൽ മാത്രം 251 പേരെങ്കിലും ഇറാനില്‍ വധശിക്ഷക്ക് വിധേയരായിട്ടുണ്ട്.

ലോകത്തിൽ തന്നെ ചൈന കഴിഞ്ഞാല്‍ വധശിക്ഷ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇറാനിലാണ്. ശരിയായ രീതിയിലുള്ള വിചാരണ പോലും നടക്കാതെയാണ് ഇറാനിലെ വധശിക്ഷകൾ കൂടുതലും വിധിക്കപ്പെടുന്നത് . ഇതുപോലുള്ള വധശിക്ഷകളിൽ പലതും പരസ്യമായിട്ടാണ് ഇവിടെ നടത്തുന്നത്.