വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം ഗൂഢാലോചന നടന്നത് ഫാംഹൗസിൽ വെച്ച്, നാല് പ്രതികൾ റിമാൻഡിൽ

single-img
1 September 2020

വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ നാല് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സതി, നജീബ്, അജിത്, ഷജിത്, എന്നിവരാണ് റിമാന്‍ഡിലായത്. കൃത്യത്തിൽ പങ്കുള്ള പ്രതികളെ രക്ഷപ്പെടുത്താനും വാഹനമേര്‍പ്പെടുത്താനും സഹായിച്ചവരാണ് ഇവര്‍. നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഓണലൈനായാണ് പ്രതികളെ ഹാജരാക്കിയത്. മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസിൽ വെച്ചാണ് കൊലപാതകത്തിനുള്ള ഗുഢാലോചന നടന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ വിരോധവും കടുത്ത മുൻ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ ഷഹിനെ ഏപ്രിൽ നാലിന് പ്രതികൾ ആക്രമിച്ചിരുന്നു. ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമുണ്ടായത്.

തുടർന്ന് മേയ് 25ന് ഡിവൈഎഫ്ഐ പ്രവർത്തകന്‍ ഫൈസൽ ഖാനു നേരെയും ആക്രമണമുണ്ടായി. ഈ കേസിൽ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിമാൻഡ് റിപ്പോട്ടിലുള്ളത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന ചിലരും ഗൂഡാലോചനയുടെ ഭാഗമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.