ജനം ടിവിയിൽ എനിക്കുള്ളത് അഞ്ചുലക്ഷം രൂപയുടെ ഷെയർ; താൻ ചാനലിന്റെ ഡയറക്ടർ ബോർഡംഗമെന്നും ബി ഗോപാലകൃഷ്ണൻ

single-img
28 August 2020

ജനം ടിവിയിൽ തനിക്ക് അഞ്ചുലക്ഷം രൂപയുടെ ഓഹരി നിക്ഷേപമുണ്ടെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. 24 ന്യൂസ് ചാനലിലെ ചർച്ചയിൽ സിപിഎം നേതാവ് എം ബി രാജേഷിന് മറുപടി പറയുകയായിരുന്നു ബി ഗോപാലകൃഷ്ണൻ. ഗോപാലകൃഷ്ണന് ജനം ടിവിയിൽ രണ്ടു ലക്ഷം രൂപയുടെ ഓഹരി നിക്ഷേപമുണ്ടെന്നായിരുന്നു എം ബി രാജേഷ് ആരോപിച്ചത്.

“ എനിക്ക് ജനം ടിവിയിലുള്ളത് അഞ്ചുലക്ഷം രൂപയുടെ ഷെയർ ആണ്. ഞാൻ അധ്വാനിച്ചുണ്ടാക്കിയ ടാക്സ് കൊടുക്കുന്ന പണമാണത്. അവർ ചോദിച്ചാൽ എവിടെ നിന്നെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും ഇനിയും അഞ്ചുലക്ഷം കൂടി കൊടുക്കും. കാരണം അത് ദേശസ്നേഹികളുടെ ചാനലാണ്.”

ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

താനടക്കമുള്ളവർ ഇപ്പോഴും ജനം ടിവിയുടെ ഡയറക്ടർ ബോർഡിലുണ്ടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ജനം ടിവിയ്ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അവകാശവാദത്തിന് കടകവിരുദ്ധമാണ് ഗോപാലകൃഷ്ണന്റെ ഈ പ്രസ്താവന.

ശബരിമല അയ്യപ്പനെ കല്യാണം കഴിപ്പിച്ച് മാളികപ്പുറത്തമ്മയെ കണ്ണീരുകുടിപ്പിച്ച ഡിവൈഎഫ്ഐക്കാർക്കെതിരെ (sic) ശരം പോലെ തുടുത്തുവിട്ടിട്ടുള്ള ചാനലാണ് ജനം ടിവിയെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഒരാളെ ജോലിക്ക് വെയ്ക്കുമ്പോൾ അയാൾ ആർക്കൊക്കെ ഫോൺ ചെയ്തിട്ടുണ്ട് എന്നതല്ല മറിച്ച് അയാളുടെ മാധ്യമപ്രവർത്തകൻ എന്നനിലയിലുള്ള കഴിവാണ് താനടക്കമുള്ള ഡയറക്ടർ ബോർഡ് അംഗങ്ങൾ പരിഗണിക്കുന്നതെന്നും ബി ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയനായ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ ജനം ടിവിയിൽ നിന്നും പുറത്തായി. ഈ വിഷയത്തിൽ തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും താൻ മാറി നിൽക്കുന്നു എന്നാണ് അനിൽ നമ്പ്യാർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്ര ബാഗേജില്‍ അല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ അനിൽ നമ്പ്യാർ ഇടപെട്ടതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്ര ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സല്‍ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാന്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി.