വീടുകളുടെ മേൽക്കൂര പാറകള്‍; സിനിമയിലല്ല, ജീവിതത്തില്‍; അത്ഭുത ഗ്രാമത്തെ അറിയാം

single-img
18 August 2020

ആരായാലും ആദ്യമായി ഈ ഗ്രാമത്തിൽ എത്തിയാൽ ഭീമന്‍ ഒരു കല്ല് തലയ്ക്കുമുകളിൽ തൂങ്ങിനിൽക്കുന്നതായി തന്നെ തോന്നും. മേൽക്കൂര പണിതിട്ടില്ലാത്ത ഇവിടുത്തെ വീടുകളുടെ മേൽക്കൂര ഈ വലിയ പാറ തന്നെയാണ്. സ്പെയിനിലുള്ള കാഡിസ് പ്രവിശ്യയിലെ സെറ്റനിൽ ഡി ലാസ് ബോഡിഗസ് എന്ന ഗ്രാമത്തിലെ കാഴ്ചയാണ് ഇത്.

ശരിക്ക് പറഞ്ഞാല്‍ ഒരു പർവത ഗ്രാമമായ ഇവിടെയുള്ള ജനത മലകളെ നശിപ്പിക്കാതെ സ്വയം ഗുഹകളിൽ താമസിക്കാൻ തീരുമാനിച്ചതിന്റെ ഫലമാണ് ഈ കാണുന്ന വീടുകൾ. വെള്ള നിറത്തിലുള്ള ധാരാളം വീടുകൾ മേൽക്കൂരയ്ക്ക് പകരം വലിയ ഒരു പാറയുടെ അടിയിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. അനേകം നൂറ്റാണ്ടുകൾക്ക് മുൻപ് മൂർ ജനതയിലെ ഒരു വിഭാഗം ഇവിടെ വാസമുറപ്പിച്ചു എന്നാണ് ചരിത്രം പറയുന്നത്.

വളരെയധികം വിശാലമായ ഗുഹകളെ തങ്ങളുടെ താമസത്തിന് അനുയോജ്യമായ വിധത്തിൽ അവർ മാറ്റി എടുക്കുകയായിരുന്നു. വലിയ പാറക്കെട്ടുകളോടു ചേർന്നു നിർമിച്ച വാസസ്ഥാനങ്ങളും കരിങ്കൽ വിടവുകളിലൂടെയുള്ള തെരുവുകളും ഏത് നിമിഷവും താഴേക്കു പതിക്കും എന്ന നിലയിൽ തലയ്ക്കുമുകളിൽ തൂങ്ങി നിൽക്കുന്ന കല്ലുകളും ഒക്കെ നിറഞ്ഞ ഈ ഗ്രാമം കണ്ടാൽ അവതാർ എന്ന ഹോളിവുഡ് സിനിമയിലെ ചില രംഗങ്ങളാണ് ആദ്യം ഓര്‍മ്മയില്‍ എത്താന്‍ സാധ്യത.

സ്പെയിനിലുള്ള ആന്റലൂഷ്യ പ്രവിശ്യയിലെ വെളുത്ത ഗ്രാമ ങ്ങളിൽ വളരെഏറെ സവിശേഷതകളുള്ള ഒന്നാണ് സെറ്റനിൽ ഡി ലാസ് ബോഡിഗസ്. ധാരാളമായി ഒലിവും ആൽമണ്ടും മുന്തിരിയും കൃഷി ചെയ്യുന്ന തോട്ടങ്ങളും രാജ്യത്തെ തന്നെ ഏറ്റവും മികച്ച മാംസോൽപന്നങ്ങളും വിഭവങ്ങളും എല്ലാം ലഭിക്കുന്ന ഒരു മികച്ച സ്പാനിഷ് സ്ഥലമാണ് സെറ്റനിൽ ഡി ലാസ്. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഈ പ്രദേശത്തിന് 15-ാം നൂറ്റാണ്ടുമുതലുള്ള ചരിത്രമുണ്ടെന്നാണ് ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത്.