സ്വദേശിവത്ക്കരണം രണ്ടാം ഘട്ടം; പുറത്താക്കേണ്ട പ്രവാസികളുടെ പട്ടിക തയ്യാറാക്കി കുവൈറ്റ്

single-img
17 August 2020

മന്ത്രിസഭയുടെ പുതിയ നിയമ പ്രകാരം രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ വിവിധ ജോലികളില്‍ നിന്നും പിരിച്ചുവിടേണ്ട പ്രവാസികളുടെ പട്ടിക തയ്യാറാക്കി കുവൈറ്റിലെ പബ്ലിക് വര്‍ക്സ് മന്ത്രാലയം.

നിലവില്‍ രാജ്യത്തെ റോഡ്സ് ആന്റ് ലാന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയിലെയും പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തിലെയും ആകെ ജീവനക്കാരില്‍ 33 ശതമാനം പേരെ ഉള്‍പ്പെടുത്തിയുള്ള ഒരു പട്ടികയാണ് തയ്യാറാക്കപ്പെട്ടത്. ഇതിന് മുന്‍പ് ആദ്യഘട്ട സ്വദേശിവത്കരണത്തിലും 33 ശതമാനം പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാര്‍ അടക്കമുള്ള ചില വിഭാഗങ്ങളെ ഒഴിവാക്കിയുള്ള പുതിയ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കുന്നത് അടുത്ത ഘട്ടത്തിലേക്ക് മാറ്റി.

പുതിയ പട്ടിക പ്രകാരം മന്ത്രാലയത്തിലെ 140 മുതല്‍ 160 വരെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിവരം. പട്ടികയില്‍ ഇടംനേടിയവരെ പിരിച്ചുവിടാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ച ശേഷം നവംബര്‍ ഒന്നു മുതല്‍ ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കും.