ഷെയ്ന്‍ വോണ്‍ / മുത്തയ്യ മുരളീധരന്‍; കേമന്‍ ആര്?; അനില്‍ കുംബ്ലെ പറയുന്നു

single-img
23 July 2020

ഇതേവരെയുള്ള ലോക ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നര്‍മാരുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് ഇന്ത്യയുടെ അനില്‍ കുംബ്ലെ. ഇദ്ദേഹം ടെസ്റ്റ്‌ ക്രിക്കറ്റില്‍ വിക്കറ്റുവേട്ടക്കാരില്‍ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്.

ഒന്നാമതുള്ള മുരളീധരന്‍ 800 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പിന്നിലുള്ള വോണിന്റെ സമ്പാദ്യം 708 വിക്കറ്റാണ്. ഈ രണ്ടുപേരിലും മികച്ച ആളിനെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഇരുവരേയും താരതമ്യം ചെയ്യുക കടുപ്പമാണെന്നാണ് അനില്‍ കുംബ്ലെ പറയുന്നത്. സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് കുംബ്ലെ മുരളീധരനെക്കുറിച്ചും വോണിനെക്കുറിച്ചും ഇത്തരത്തില്‍ പ്രതികരിച്ചത്.

‘സാഹചര്യം ഏതായാലും ഒരുപോലെ സ്പിന്‍ ബൗളിങ്ങില്‍ തിളങ്ങാന്‍ സാധിക്കുന്ന ഇരുവരേയും താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. എന്നെയും ഇവരുമായി താരത്യപ്പെടുത്താന്‍ തുടങ്ങിയതോടെ എനിക്കത് വളരെ പ്രയാസമേറിയ കാര്യമായി’- അനില്‍ കുംബ്ലെ പറയുന്നു.

ഏഷ്യന്‍ രാജ്യങ്ങള്‍ ആയതിനാലും ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കൂടുതല്‍ മത്സരങ്ങള്‍ നടന്നിട്ടുള്ളതിനാലും മുരളിയെ കൂടുതലായി കണ്ടിരുന്നു. അതുകൊണ്ടുതന്നെ ഓരോ നാഴികക്കല്ലും പിന്നിട്ടതിന് ശേഷം മുരളിയില്‍ നിന്ന് എനിക്ക് എല്ലായ്‌പ്പോഴും ഒരു അഭിനന്ദന കുറിപ്പെത്തുമായിരുന്നു. അതേപോലെ ഞാന്‍ ഓരോ നാഴികക്കല്ല് പിന്നിടുമ്പോഴും മുരളിക്ക് അടുത്ത നാഴികക്കല്ല് പിന്നിടാന്‍ 30 വിക്കറ്റുമാത്രമായിരുന്നു ദൂരം.

മുരളിക്ക് 500 വിക്കറ്റ് തികയ്ക്കാന്‍ 30 വിക്കറ്റുകൂടി മാത്രം മതി, അഭിനന്ദനങ്ങള്‍ എന്ന് പറയുമ്പോള്‍ ഇല്ല, അത് വലിയൊരു ദൂരമാണെന്ന് അദ്ദേഹം തിരിച്ചുപറയുമായിരുന്നു. മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. കളിക്കാര്‍ എല്ലാവരുമായും ഞങ്ങള്‍ നല്ലബന്ധമാണ് പുലര്‍ത്തിയിരുന്നത്. – കുംബ്ലെ പറഞ്ഞു.

തന്റെ കരിയറില്‍ 133 ടെസ്റ്റില്‍ നിന്നാണ് മുരളീധരന്‍ 800 വിക്കറ്റ് പൂര്‍ത്തിയാക്കിയത്.ഇതിനിടയില്‍ അഞ്ച് വിക്കറ്റ് നേട്ടം 67 തവണയും 10 വിക്കറ്റ് നേട്ടം 22തവണയും നേടാന്‍ മുരളിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് നേടാന്‍ അദ്ദേഹത്തിന് ഒരിക്കലും സാധിച്ചിട്ടില്ല.