പ്രവാസികൾക്ക് ആശ്വാസം; കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് നീട്ടി സൗദി

single-img
5 July 2020

രാജ്യത്തെ കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ദുരിതം അനുഭവിക്കുന്ന പ്രവാസികള്‍ക്കായി കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സൌദി അറേബ്യ. നിലവില്‍ ഇഖാമ കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൌജന്യമായി നീട്ടി നല്‍കും. അതേപോലെ തന്നെ വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ വിദേശികളുടെ ഫൈനല്‍ എക്സിറ്റ് വിസ സൌജന്യമായി നീട്ടി നല്‍കാനും തീരുമാനമായി.

നിലവില്‍ വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ വെക്കേഷന് പോയി മടങ്ങി വരാനാകാതെ ഇഖാമ കാലാവധി തീര്‍ന്നവര്‍ക്കും തീരാനിരിക്കുന്നവര്‍‌ക്കും മൂന്ന് മാസത്തേക്ക് കൂടി ഇഖാമ സൌജന്യമായി ഓട്ടോമാറ്റികായി നീട്ടി നല്‍കാനും ഭരണാധികാരി സല്‍മാന്‍ രാജാവ് എടുത്ത തീരുമാനത്തില്‍ പറയുന്നു.

വിവിധ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോയി റീ എന്‍ട്രി കാലാവധി കഴിഞ്ഞവരുടെ റീഎന്‍ട്രി ഓട്ടോമാറ്റിക്കായി നീട്ടി നല്‍കിയിട്ടുണ്ട്. അതേപോലെ തന്നെ റീ എന്‍ട്രി അടിച്ച് നാട്ടില്‍ പോകാന്‍ കഴിയാതിരുന്നവരുടെ റീ എന്‍ട്രി കാലാവധിയും നീട്ടി നല്‍കാനാണ് തീരുമാനം.

സൌദിയിലുള്ള എല്ലാ വിദേശികളുടേയും ഇഖാമ മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കുകയും ഇഖാമ നിലവില്‍ അവസാനിക്കുന്നവര്‍ക്കെല്ലാം ഓട്ടോമാറ്റിക് ആയി കാലാവധി നീട്ടി ലഭിക്കുകയും ചെയ്യും. രാജ്യത്തേക്ക് സന്ദര്‍ശന വിസയിലെത്തി വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം സൌദിയില്‍ കുടുങ്ങിയ എല്ലാ സന്ദര്‍ശന വിസക്കാര്‍ക്കും മൂന്ന് മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നല്‍കാനും തീരുമാനമായി.