വിശ്വസിക്കണം, ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് ഒരു ബസ് സർവ്വീസ് ഉണ്ടായിരുന്നു

single-img
4 July 2020

ചില കാര്യങ്ങൾ അങ്ങനെയാണ്. പ്രതാപകാലത്ത് രാജകീയ പ്രൗഡിയോടെ നിലനിൽക്കും. ഒടുവിൽ മണ്ണടിഞ്ഞ് വർഷങ്ങൾക്കു ശേഷം അതിനെപ്പറ്റി ചൂണ്ടിക്കാട്ടിയാൽ അത് ആരും വിശ്വസിക്കുകയുമില്ല. അങ്ങനെയൊരു സംഭവമാണ് ഇംഗ്ലണ്ട്- ഇന്ത്യ ബസ് സർവ്വീസിൻ്റെ കാര്യവും. ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് അതായത് ഇന്നത്ത കൊൽക്കത്തയിലേക്ക് ഒരു ബസ് സർവ്വീസ് നിലവിലുണ്ടായിരുന്നുവെന്നു പറഞ്ഞാൽ ഇന്ന് വിശ്വസിക്കുവാൻ കഴിയുമോ? അസാധ്യം എന്നു പറയാൻ വരട്ടെ. അങ്ങനെയൊന്നുണ്ടായിരുന്നു എന്നു തന്നെയാണ് തെളിവുകൾ വ്യക്തമാക്കുന്നത്. 

കൊൽക്കത്ത ബസ്-ഓ-പീഡിയ എന്ന ഫേസ്ബുക്ക് പേജിലാണ് ലണ്ടൻ-കൽക്കത്ത-ലണ്ടൻ ബസ് സർവീസിനെപ്പറ്റിയുള്ള വിശദാംശങ്ങളും, ചിത്രങ്ങളും നൽകിയിട്ടുള്ളത്. 1957-ൽ ആരംഭിച്ച ബസ് സർവീസ് ബെൽജിയം, യൂഗോസ്ലാവ്യ തുടങ്ങി രാജ്യങ്ങൾ പിന്നിട്ട് പടിഞ്ഞാറൻ പാകിസ്താൻ വഴിയാണ് ഇന്ത്യയിലെത്തിയിരുന്നത്. രോഹിത് കെ ദാസ്‌ഗുപ്‌ത എന്നയാളാണ് 1970 വരെ നിലവിലുണ്ടായിരുന്ന ഈ സർവീസിനെപ്പറ്റി ട്വിറ്ററിലൂടെ വിവരങ്ങൾ പങ്കുവച്ചത്. 

ബസിൽ കയറാൻ നിൽക്കുന്ന യാത്രക്കാരുടെ ഫോട്ടോ സഹിതമാണ് രോഹിത് ട്വിറ്ററിൽ കാര്യങ്ങൾ വ്യക്തമാക്കിയത്. 1970-കളിൽ നിലവിലുണ്ടായിരുന്ന ലണ്ടൻ-കൊൽക്കത്ത ബസ് സർവീസിനെക്കുറിച്ച് ഇപ്പോൾ അറിഞ്ഞത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നു. കൊള്ളാം” എന്നായിരുന്നു രോഹിത് നൽകിയ വിവരണം. കൊൽക്കത്ത ബസ്-ഓ-പീഡിയ ഫേസ്ബുക്ക് പേജ്  വെളിപ്പെടുത്തുന്നതനുസരിച്ച് ആൽബർട്ട് ട്രാവൽ എന്ന കമ്പനിയാണ് ഈ ബസ് സർവീസ് നടത്തിയിരുന്നതെന്നും രോഹിത് പറയുന്നു. 

1957 ഏപ്രിൽ 15-നാണ് ആദ്യയാത്ര ലണ്ടനിൽ നിന്നും ആരംഭിച്ചത്. ജൂൺ മാസം അഞ്ചാം തിയതി ആദ്യ സർവീസ് കൊൽക്കത്തയിൽ എത്തി. അതായത് യാത്ര പൂർത്തിയാക്കാൻ ഏകദേശം 50 ദിവസം വേണ്ടി വന്നു. ഇംഗ്ലണ്ടിൽ നിന്നും ബെൽജിയം, അവിടെ നിന്നും പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്താൻ എന്നീ പ്രദേശങ്ങൾ വഴിയായിരുന്നു ഇന്ത്യയിലേക്ക് ബസ് യാത്ര ചെയ്തത്. 

ബസ് ഇന്ത്യയിൽ കടന്നതിന് ശേഷം ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴിയാണ് അന്നത്തെ കൽക്കട്ടയിൽ എത്തുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ ബസ് സർവീസിനെ പറ്റിയുള്ള ബ്രോഷറും, ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ പലതും യാത്രക്കാർക്കായി ബസിൽ  സജീകരിച്ചിരുന്നു എന്ന കാര്യവും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. 

വെറും ഒരു യാത്ര എന്നതിലുപരി ഒരു ടൂർ പോലെയാണ് ഈ യാത്ര ക്രമീകരിച്ചിരുന്നത് എന്നാണ് രോഹിത് നൽകുന്ന വിവരം. അതുകൊണ്ട് തന്നെ ഗംഗാതീരത്തെ ബനാറസിലും, താജ്മഹലിലും അടക്കം വഴിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമയം ചെലവഴിക്കാനും യാത്രയ്ക്കിടെ അവസരമുണ്ടായിരുന്നു എന്നുള്ളതും പ്രത്യേകതയായിരുന്നു. 

ടെഹ്‌റാൻ, സാൽസ്‌ബർഗ്‌, കാബൂൾ, ഇസ്താംബുൾ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിംഗിനായും സമയം അനുവദിച്ചിരുന്നു. ഇത്രയും വിശാലമായ, ദിവസങ്ങൾ പിടിക്കുന്ന യാത്രയ്ക്കുള്ള തുകയും പോസ്റ്റിൽ നൽകിയിരുന്നു. 85 പൗണ്ട് സ്റ്റെർലിങ്. അതായത് ഇപ്പോഴത്തെ 8,019 രൂപ. ഭക്ഷണം, യാത്ര, താമസം എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നതാണ് ഈ തുകയെന്നുള്ളതാണ് പ്രത്യേകത. 

സമൂഹമാധ്യമങ്ങളോ മറ്റു വിശാലമായ യാത്രാ സംവിധാനങ്ങളൊ ഇല്ലാത്ത കാലത്തെ അപൂർവ്വമായ ഈ വാർത്ത ഇന്നത്തെ സമൂഹം നെഞ്ചേറ്റിക്കഴിഞ്ഞു എന്നുള്ളത് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്.