ടിക് ടോക് തിരിച്ചു വരും? നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കി

single-img
1 July 2020

സുരക്ഷയുടെ പേരില്‍ നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് തിരിച്ചുവരവിനുള്ള അവസരമൊരുങ്ങുന്നു. ആപ്പുകൾക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കി. 48 മണിക്കൂറിനുളളില്‍ നിരോധനവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനാണ് ടിക് ടോക് ഉള്‍പ്പെടെയുളള 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

അതിന് ശേഷം മാത്രമേ നിരോധനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുകയുളളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ചൈനീസ് സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ടിക് ടോകിന് പുറമേ ഷെയര്‍ ഇറ്റ്, ഹലോ, യുസി ബ്രൗസര്‍, അടക്കമുളള ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. 

ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ നടപടി. നിരോധനത്തിന് പിന്നാലെ, തങ്ങള്‍ ഒരു വിവരവും ചൈനയ്ക്ക് കൈമാറുന്നില്ലെന്ന് പറഞ്ഞ് ടിക് ടോക് രംഗത്ത് വന്നിരുന്നു.  ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാരിന് വിശദീകരണം നല്‍കുമെന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം. 

സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് ടിക് ടോക് ഇന്ത്യ മേധാവി നിഖില്‍ ഗാന്ധി പറഞ്ഞു.