വിദേശ തൊഴിലാളികളെ പിരിച്ചു വിടാം, ശമ്പളവും കുറയ്ക്കാം: സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകി ഒമാൻ

single-img
16 April 2020

സ്വകാര്യ കമ്പനികൾക്ക് ആവശ്യമെങ്കിൽ വിദേശ തൊഴിലാളികളെ പിരിച്ചു വിടാനും മൂന്നു മാസത്തേക്ക് ശമ്പളം കുറയ്‌ക്കാനുമായിട്ടുള്ള നടപടികൾ കൈക്കൊള്ളാനും ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനമെടുത്തു. എന്നാൽ വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്ന പക്ഷം അവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് സുപ്രീം കമ്മിറ്റി നിർദേശിച്ചു. ബുധനാഴ്ച നടന്ന കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.

പ്രതിസന്ധി ബാധിച്ച കമ്പനികൾക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് ശമ്പളം കുറക്കാം. ജോലി സമയത്തിൽ കുറവ് വരുത്തി അതിന് ആനുപാതികമായി ശമ്പളം കുറയ്‌ക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. 

രാജ്യത്തിന് പുറത്തുള്ള വിദേശ തൊഴിലാളികളുടെ റസിഡന്റ് കാർഡ് പുതുക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകാൻ തീരുമാനമായി. മാത്രമല്ല, ലേബർകാർഡ് പുതുക്കാനുള്ള ഫീസ് 301 റിയാലിൽനിന്ന് 201 റിയാൽ ആയി കുറച്ചിട്ടുമുണ്ട്. ജൂൺ അവസാനം വരെയാണ് ഈ ഇളവ് പ്രാബല്യത്തിൽ ഉണ്ടാവുകയെന്നും അറിയിച്ചിട്ടുണ്ട്.