ഒരു കവര്‍ ഡ്രൈവ് പോലും ഇല്ലാതെ ഡബിള്‍ സെഞ്ചുറി; സച്ചിന്റെ മികച്ച ഇന്നിങ്‌സിനെ പറ്റി ലാറ പറയുന്നു

single-img
4 April 2020

ലോകക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഏതാണെന്ന് പറയുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ചക്രവര്‍ത്തി ബ്രയാന്‍ ലാറ. സോഷ്യൽ മീഡിയയിൽ തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് സച്ചിന്റെ ബെസ്റ്റ് ഏതെന്നു ലാറ വ്യക്തമാക്കിയിരിക്കുന്നത്. 2003-04 കാലയളവിൽ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ സച്ചിന്‍ സ്വന്തമാക്കിയ 241 റണ്‍സാണ് ഏറ്റവും മികച്ചതെന്നു ലാറ പറയുന്നു.

ഈ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലായിരുന്നു സച്ചിന്റെ ഗംഭീര ഇന്നിങ്‌സ്. അതിന്റെ മുൻപുള്ള ഈ പര്യടനത്തിലെ മറ്റു ഇന്നിങ്‌സുകളില്‍ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. ഈപാരമ്പരയിൽ അതുവരെ സച്ചിന്റെ മികച്ച സ്‌കോര്‍ 44 റണ്‍സായിരുന്നു. പക്ഷെ സിഡ്‌നിയിലെ ഗംഭീര ഇന്നിങ്‌സിലൂടെ അദ്ദേഹം അതിന്റെ ക്ഷീണം തീര്‍ത്തു. ആ ടെസ്റ്റ് സമനിലയില്‍ തീർന്നു എങ്കിലും സച്ചിന്റെ അര്‍പ്പണബോധം ഇന്നും ക്രിക്കറ്റ് ആസ്വാദകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കവര്‍ ഡ്രൈവ് പോലും കളിക്കാതെയാണ് അന്നു സച്ചിന്‍ അത്രയും റണ്‍സെടുത്തതെന്നാണ് ശ്രദ്ധിക്കേണ്ടത്. ആകെ 200 ടെസ്റ്റുകള്‍ കളിച്ച സച്ചിന്റെ കരിയറില്‍ അത്രയും മികച്ചൊരു ഇന്നിങ്‌സ് താന്‍ കണ്ടിട്ടില്ലെന്നു ലാറ ചൂണ്ടിക്കാട്ടി. അത്രയധികം അച്ചടക്കവും അര്‍പ്പണബോധവുമാണ് സച്ചിന്‍ അന്നു കാണിച്ചത്. അതിനാലാണ് ഈ ഇന്നിങ്‌സ് തനിക്കു ഏറ്റവും പ്രിയപ്പെട്ടതായി മാറിയതെന്നും ലാറ പറയുന്നു. സച്ചിന്‍ ആ കാലയളവിൽ മത്സരത്തിൽ കാണിച്ച ക്ഷമയും അച്ചടക്കവുമാണ് കൊറോണ വൈറസിനെതിരേയുളള പോരാട്ടത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ കാണിക്കേണ്ടതെന്നും ലാറ പറയുന്നു.