കോറോണ രോഗം ലോകവ്യാപക മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന: 114 രാജ്യങ്ങളിൽ രോഗം വ്യാപിച്ചു

single-img
11 March 2020

കൊറോണ വൈറസ് ബാധയെ ലോകവ്യാപക മഹാമാരി (പാൻഡെമിക്- Pandemic Disease) യായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ തലവൻ ഡോ. ടെഡ്രോസ് അഡ്ഹനോം ഗെബ്രെയെസ്യൂസ് (Tedros Adhanom Ghebreyesus) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ചൈനയ്ക്ക് പുറത്തുള്ള കൊറോണ ബാധിതരുടെ എണ്ണം പതിമൂന്നിരട്ടിയായി വർദ്ധിച്ചുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈറസ് ബാധയോട് കാണിക്കുന്ന അപകടകരമായ അനാസ്ഥയിൽ ലോകാരോഗ്യ സംഘടനയ്ക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ലോകത്ത് ഇതുവരെ 114 രാജ്യങ്ങളിലായി 118,000 പേർക്ക് രോഗം ബാധിച്ചതായി സംഘടന അറിയിച്ചു. ഇതിൽ 90 ശതമാനം രോഗബാധിതരും നാലു രാജ്യങ്ങളിൽ നിന്നാണ്. ഇതിൽ ചൈനയും ദക്ഷിണ കൊറിയയും രോഗത്തിന്റെ വ്യാപനം കുറയ്ക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. 4291 പേർ ഇതുവരെ ഈ രോഗം മൂലം മരണത്തിന് കീഴടങ്ങി. ആയിരത്തിലധികം പേർ ആശുപത്രികളിൽ മരണത്തോട് മല്ലടിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു.

അതേസമയം, 81 രാജ്യങ്ങളിൽ ഇനിയും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 57 രാജ്യങ്ങളിൽ പത്തിൽ താഴെ രോഗബാധിതർ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

വരും ദിവസങ്ങളിൽ ഈ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയുമെല്ലാം വർദ്ധിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൂട്ടൽ.

ലോകത്തെ പല രാജ്യങ്ങളിലായി ഒരേസമയം പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളെയാണ് പാൻഡെമിക് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ഈ പേരുമാറ്റം ലോകാരോഗ്യം സംഘടന മുൻപ് നൽകിയ നിർദ്ദേശങ്ങളിൽ മാറ്റമൊന്നും വരുത്തില്ലെന്നും അദ്ദേഹം അറിയിച്ചു. രോഗത്തിന്റെ വ്യാപനം തടയാൻ ഊർജ്ജിതവും നടപടികൾ സ്വീകരിക്കണമെന്ന് സംഘടന സർക്കാരുകളോട് ആവശ്യപ്പെട്ടു.

ഒറ്റപ്പെട്ട രോഗികൾ കൂട്ടമായും പിന്നെ ഒരു സമൂഹത്തിലാകെ രോഗം പടരുന്ന രീതിയിലും മാറുന്ന സാഹചര്യമാണ് ഒഴിവാക്കേണ്ടത്. അതിനായി രോഗികളെ ഏകാന്തവാസത്തിൽ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും സംഘടന അറിയിച്ചു.