ജമ്മു കാശ്മീര്‍: ഒമര്‍ അബ്ദുള്ളയുടെ സഹോദരിയെയും ബന്ധുവിനെയും പോലീസ് മോചിപ്പിച്ചു

single-img
16 October 2019

ജമ്മു കാശ്മീരിൽ പ്രക്ഷോഭത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ സഹോദരി സഫിയ അബ്ദുള്ളയെയും ബന്ധു സുരയ്യ അബ്ദുള്ളയെയും പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചു. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ നടന്ന പ്രതിഷേധത്തിനിടെ ഇന്നലെയായിരുന്നു ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. കേന്ദ്ര സർക്കാർ ഭരണ ഘടനയിൽ നിന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടന്ന വനിതാ പ്രക്ഷോഭമായിരുന്നു ഇന്നലെ ശ്രീനഗറില്‍ നടന്നത്. ഇവർക്ക് പുറമെ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 13 വനിതകളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

വനിതകളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സമാധാനപരമായി സമ്മേളിക്കാനും പ്രകടനം നടത്താനുമുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടോയെന്ന ചോദ്യം ഉയര്‍ത്തി നാഷണല്‍ കോണ്‍ഫറന്‍സ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഈ അറസ്റ്റുകൾ കാണിക്കുന്നത് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ രീതിയെയാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്രസർക്കാർ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍ വിഭജിക്കുകയും രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കുകയും ചെയ്ത് 73 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് വനിതാ സിവില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.