ലക്ഷ്യത്തിൽ നിന്നും ഒരിക്കലും നിങ്ങൾ പിന്നോട്ട് പോകരുത്, രാജ്യം മുഴുവൻ നിങ്ങള്‍ക്കൊപ്പമുണ്ട്; ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി

single-img
7 September 2019

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ സംഭവിച്ച തിരിച്ചടിയിൽ തളരരുതെന്നും ഇതിലും മികച്ച അവസരങ്ങൾ ഇനിയും വരാനുണ്ടെന്നും മോദി പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നമ്മുടെ ശാസ്ത്രജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞ് വച്ചവരാണ്. ലക്ഷ്യത്തിൽ നിന്നും ഒരിക്കലും നിങ്ങൾ പിന്നോട്ട് പോകരുത്. വീണ്ടും ശ്രമങ്ങൾ തുടരണം. ഈ രാജ്യം മുഴുവൻ നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ശാസ്ത്രജ്ഞന്മാരെ ആശ്വസിപ്പിച്ചു കൊണ്ട് മോദി പറഞ്ഞു.

ഇന്ന് പുലർച്ചെയായിരുന്നു ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന് സൂചന ലഭിക്കുന്നത്.ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയശേഷം ഐഎസ്ആർഓയ്ക്ക് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം തകരാറിലായിരിക്കുകയാണ്. ചന്ദ്രന്റെ ഉപരിതലത്തിന് 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.