കർണാടക; സ്പീക്കർ അയോഗ്യരാക്കിയ വിമത എംഎൽഎമാർ ഹർജിയുമായി സുപ്രീംകോടതിയിൽ

single-img
28 July 2019

തങ്ങളെ അയോഗ്യരാക്കിയ കർണാടക നിയമസഭാ സ്പീക്കർ കെ ആർ രമേശ് കുമാറിന്‍റെ നടപടിക്കെതിരെ എല്ലാ വിമതരും സുപ്രീംകോടതിയെ സമീപിച്ചു. സ്പീക്കറുടെ നടപടിക്ക് വിധേയരായ 13 വിമത എംഎൽഎമാരാണ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്.

ആദ്യം തന്നെ ബിജെപിയെ പിന്തുണച്ച വിമത കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമ്‍ടഹള്ളി, സ്വതന്ത്രനായ ആർ ശങ്കർ എന്നിവർ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ സ്പീക്കർ അയോഗ്യരാക്കിയത്. ഇക്കുറി16 പേരെ കൂട്ടത്തോടെ അയോഗ്യരാക്കിയതോടെ, നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ യെദിയൂരപ്പ സർക്കാർ നിലനിൽക്കും എന്ന് ഉറപ്പായി.

ആകെ 224 അംഗങ്ങളുള്ള നിയമസഭയിൽ 105 അംഗങ്ങൾ മാത്രമേ ഇപ്പോഴും ബിജെപിക്കുള്ളൂ. ഇത് കേവലഭൂരിപക്ഷമാകില്ല. എന്നാൽ 16 വിമതർ പുറത്തുപോയാൽ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ 104 ആയി കുറയും. അപ്പോൾ ഒരാളുടെ പിന്തുണ കൂടുതലുണ്ട് ബിജെപിക്ക്. ഈ ബലത്തിന്മേലാണ് യെദിയൂരപ്പയുടെ സർക്കാർ നിലനിൽക്കുന്നത്. നാളെ തിങ്കളാഴ്ചയാണ് വിശ്വാസവോട്ടെടുപ്പെന്ന കടമ്പ.

നിലവിൽ അയോഗ്യരാക്കപ്പെട്ട വിമതരെല്ലാം നേരത്തേ രാജി വച്ചവരാണ്. അതിനാൽ തന്നെ അയോഗ്യരാക്കാൻ കഴിയില്ലെന്നാണ് എംഎൽഎമാരുടെ വാദം. സ്പീക്കറുടെ ഇപ്പോഴത്തെ നടപടി സർക്കാർ താഴെപ്പോയതിലെ പ്രതികാര നടപടിയാണെന്നും എംഎൽഎമാർ ആരോപിക്കുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയാൽ പിന്നെ എംഎൽഎമാർക്ക് ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.