ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികപീഡന പരാതിയിൽ ഇരയ്ക്ക് നീതി ലഭിച്ചില്ലെന്ന് ജസ്റ്റിസ് മദൻ ലോകുർ

single-img
22 May 2019

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയ്ക്കെതിരെ അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു ജീവനക്കാരി നൽകിയ പരാതിയിൽ ഇരയ്ക്ക് നീതി ലഭിച്ചില്ലെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി മദൻ ലോകുർ. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ “ഒരു ഏകപക്ഷീയമായ നീതി” എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികൾക്കെതിരെ രഞ്ജൻ ഗോഗോയി അടക്കമുള്ള മൂന്ന് ജഡ്ജിമാർക്കൊപ്പം പത്രസമ്മേളനം നടത്തിയയാളായിരുന്നു മദൻ ലോകുർ. ഈ വർഷം ജനുവരി മാസത്തിൽ വിരമിച്ച അദ്ദേഹത്തെ ഫിജിയിലെ സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമിച്ചിരുന്നു.

ജീവനക്കാരിയുടെ പരാതി ന്യായമായല്ല പരിഗണിക്കപ്പെട്ടതെന്ന് കരുതുന്നതായി അദ്ദേഹം തന്റെ ലേഖനത്തിൽ പറയുന്നു. പരാതിക്കാരിയ്ക്ക് ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ ഒരു പകർപ്പ് ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. പരാതിക്കാരിയും മറ്റുള്ളവരും ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഇന്ദിരാ ജയ്സിംഗ് Vs സുപ്രീം കോർട്ട് ഓഫ് ഇന്ത്യ കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി ജനറൽ പരാതിക്കാരിയ്ക്ക് അന്വേഷണ റിപ്പോർട്ടിന്റെ കോപ്പി നിഷേധിച്ചത്. ആ വിധി ഇവിടെ ബാധകമല്ല. ഒന്നാമതായി ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചതും അതിന്റെ നടപടിക്രമങ്ങളും 1999-2000 കാലഘട്ടത്തിൽ സുപ്രീം കോടതി ചെയ്തതുപോലെ ആയിരുന്നില്ല. മാത്രമല്ല ഈ വിധി അനുസരിച്ച് ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് പരാതിക്കാരിയ്ക്ക് നൽകുന്നതിനു തടസമില്ല എന്ന കാര്യവും പരിഗണിക്കണം.” ജസ്റ്റിസ് മദൻ ലോകുർ പറയുന്നു.

ഏപ്രിൽ 20-നു ചീഫ് ജസ്റ്റിസിനെതിരായ പരാതി പരിഗണിക്കാൻ കൂടിയ അസാധാരണ ബെഞ്ചിന്റെ അദ്ധ്യക്ഷനായി ആരോപിതനായ ചീഫ് ജസ്റ്റിസ് തന്നെ വന്നതിനെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് അതിൽ സംബന്ധിക്കുന്ന കാര്യം രേഖകളിൽ നിന്ന് മറച്ചുവെയ്ക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ആ ബെഞ്ചിൽ പങ്കെടുത്തില്ല എന്ന് രേഖകളിൽ പറയുമ്പോൾ മാധ്യമ റിപ്പോർട്ടുകളിൽ ചീഫ് ജസ്റ്റിസ് പങ്കെടുത്തതായി പറയുന്നുമുണ്ട്.

പിന്നീട് അന്വേഷണസമിതി രൂപീകരിച്ചത് ചീഫ് ജസ്റ്റിസ് തന്നെയാണെന്നും പിന്നെയെങ്ങനെയാണ് ഇരയ്ക്ക് നീതി ലഭ്യമാകുകയെന്നും മദൻ ലോകുർ ചോദിക്കുന്നു.

“ശ്രദ്ധിക്കുക, തന്റെ കീഴിലുള്ള ഒരു വനിതാ ജീവനക്കാരിയെ ശാരീരികമായി സപർശിക്കുവാനോ കടന്നുപിടിക്കുവാനോ ശ്രമിച്ചു എന്ന് ആരോപണം നേരിടുന്ന ഒരാൾ തന്നെ ആ ആരോപണം അന്വേഷിക്കുവാനുള്ള സമിതി രൂപീകരിക്കുകയും അതിലെ ജഡ്ജുമാരെ തീരുമാനിക്കുകയും ചെയ്യുകയാണ്. അതുപോലെ അനഭിമതമായ ശാരീരിക സ്പർശനം എന്ന ആരോപണം അന്വേഷിക്കുന്നതിലേയ്ക്ക് മാത്രമായി സമിതിയുടെ ലക്ഷ്യം ചുരുക്കിയതും പ്രസക്തമാണ്. കാരണം അനഭിമതമായ ശാരീരിക സ്പർശനം എന്നത് തെളിയിക്കാൻ ബുദ്ധിമുട്ടുള്ള സംഗതിയാണ്. പരാതിക്കാരിയെ പ്രതികാരപാത്രമാക്കിയ കാര്യം അന്വേഷണ സമിതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കി. അതെന്തിനായിരുന്നു? ഒരു അന്വേഷണ സമിതി ഉണ്ടാക്കുകയാണെങ്കിൽ രണ്ട് ആരോപണവും അന്വേഷിക്കണം. പ്രത്യേകിച്ചും പരാതിക്കാരിയായ ജീവനക്കാരിയുടെ സത്യവാങ്മൂലത്തിൽ പ്രതികാരനടപടിയുണ്ടായി എന്നത് ഉറപ്പിക്കുവാൻ പാകത്തിനു ശരിയാണോയെന്ന് പരിശോധിക്കുവാൻ കഴിയുന്ന തരത്തിലുള്ള രേഖാമൂലമായ തെളിവുകൾ ഉണ്ടെന്നിരിക്കെ.”

ജസ്റ്റിസ് മദൻ ലോകുർ തന്റെ ലേഖനത്തിൽ പറയുന്നു.

നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാ‍തെ അവശേഷിക്കുമ്പോഴും മറ്റു ചില ചോദ്യങ്ങൾ നിഗൂഢതയിൽ പൊതിഞ്ഞ ഒരു പ്രഹേളികയ്ക്കുള്ളിലെ ചില കടങ്കഥകൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നവയാണെന്നും അദ്ദേഹം പറയുന്നു. കുറത്ത് സുതാര്യത ആവശ്യമാണെന്നും അതിനായി ആഭ്യന്തര അന്വേഷണ സമിതിയിൽ ഉണ്ടായിരുന്നവർ ആരെങ്കിലും ദയവായി സഹായിക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് മദൻ ലോകുറിന്റെ ലേഖനം അവസാനിക്കുന്നത്.

Content Highlights: Justice Madan Lokur against CJI on sexual harassment case