വന്‍ ട്വിസ്റ്റ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഒരേ സമയം മാധ്യമങ്ങള്‍ക്ക് മുമ്പില്‍

single-img
17 May 2019

ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി മാധ്യമങ്ങളെ കാണുന്ന അതേസമയം തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും വാര്‍ത്താ സമ്മേളനം. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ബിജെപി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനം തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ബിജെപിക്കെതിരെയും മോദിക്കെതിരെയും രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.

അതേസമയം, പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദി മാധ്യമങ്ങളെ കാണുന്നത്. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്താണ് പ്രധാനമന്ത്രിയും അമിത് ഷായും വാര്‍ത്താ സമ്മേളനം വിളിച്ചത്. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു.

എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബാധിപത്യത്തെ തകര്‍ത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു.

ജനാധിപത്യത്തിന്റെ ശക്തി നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ലോകത്തെ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നമ്മള്‍ ബോധ്യപ്പെടുത്തേണ്ടതാണ്. പണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നെന്ന പേരില്‍ ഐപിഎല്‍ മാറ്റിയിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, റംസാന്‍ നടക്കുന്നു, ഐപിഎല്‍ നടക്കുന്നു എല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല. മെയ് 23ന് ബിജെപി ഓഫീസില്‍ നിന്ന് നിങ്ങള്‍ക്ക് മധുരം ലഭിക്കുമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ മോദി, പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റിയെന്ന് അവകാശപ്പെട്ടു.

മോദി ഭരണം വീണ്ടും അധികാരത്തില്‍ എത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ബി.ജെ.പിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഏറ്റവും പ്രധാനപ്പെട്ടതാണ്. വളരെ കഠിനാധ്വാനം നടത്തിയ തെരഞ്ഞെടുപ്പാണ് അവസാനിക്കുന്നത്. മോദി സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

ജനക്ഷേമത്തിനായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. ശൌചാലയം, വൈദ്യുതി, ഗ്യാസ് എല്ലാവര്‍ക്കും ലഭ്യമാക്കി. രാജ്യത്ത് അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു. 50 കോടി ജനങ്ങളുടെ വികസനം കേന്ദ്രം ഉറപ്പുവരുത്തി. ആദിവാസികള്‍, സ്ത്രീകള്‍, ദളിതര്‍ എന്നിവരുടെ വികസനം ഉറപ്പാക്കിയെന്നും ഷാ പറഞ്ഞു.

ജനുവരി മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. 120 സീറ്റുകളില്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ അമിത് ഷാ, മികച്ച വിജയം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ‘മേം ബി ചൌകിദാര്‍’ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു. മോദി വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. അത് ആഗ്രഹിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ രാജ്യത്തുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനം നടത്തുന്നത് സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍, റഫാല്‍ വിഷയത്തില്‍ കൂടി പ്രതികരിക്കാന്‍ മോദി തയാറാവണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. സംവാദത്തിന് എന്തിനാണ് മോദി ഭയപ്പെടുന്നതെന്നും രാഹുല്‍ ചോദിച്ചു.

നരേന്ദ്രമോദിയുടെ പ്രത്യയശാസ്ത്രം ഹിംസയാണ്. താന്‍ മോദിയുടെ കുടുംബാംഗങ്ങളെ വിമര്‍ശിക്കുന്നില്ല. കാരണം അവര്‍ക്ക് രാഷ്ട്രീയവുമായി ബന്ധമില്ല. എന്നാല്‍, നിരന്തരമായി എന്റെ കുടുംബത്തെ അപമാനിക്കുകയാണ് മോദി ചെയ്യുന്നതെന്ന് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് സത്യം മാത്രമാണ് തെരഞ്ഞെടുപ്പില്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ അന്തിമ വിജയം സത്യത്തിന് മാത്രമായിരിക്കും. രാജ്യം ആര് ഭരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ബി.ജെ.പിക്ക് അനുകൂലമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.