മുൻചക്രങ്ങളില്ലാതെ സുരക്ഷിതമായി ലാൻഡ് ചെയ്ത് മ്യാന്മാർ വിമാനം: വീഡിയോ വൈറൽ

single-img
14 May 2019

മുൻചക്രങ്ങൾ നിവരാതെ വന്നിട്ടും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച് മ്യാന്മാറിലെ പൈലറ്റ്. മ്യാന്മാർ നാഷണൽ എയർലൈൻസിന്റെ പൈലറ്റായ ക്യാപ്റ്റൻ മ്യാത് മോ ഓങ് ആണ് 89 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.

https://youtu.be/iECUzDrLHqE

മ്യാന്മാറിലെ യംഗോൺ എയർപ്പോർട്ടിൽ നിന്നും മണ്ടാലെ എയർപ്പോർട്ടിലേയ്ക്ക് പോകുകയായിരുന്ന UB103
വിമാനമാണ് മണ്ടാലെ എയർപ്പോർട്ടിൽ അടിയന്തിര ലാൻഡിംഗ് വേണ്ടി വന്നത്.

ലാൻഡിംഗ് ഗിയർ ഉപയോഗിച്ചിട്ടും മുൻചക്രങ്ങൾ നിവരുന്നില്ലെന്ന് സംശയം തോന്നിയ പൈലറ്റ് എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ചക്രങ്ങൾ നിവർന്നിട്ടില്ല എന്ന് എയർ ട്രാഫിക് കണ്ട്രോൾ ഉദ്യോഗസ്ഥർക്ക് ഉറപ്പുവരുത്തുവാൻ പൈലറ്റ് വിമാനം എയർപ്പോർട്ടിനു മുകളിലൂടെ രണ്ടു തവണ കറക്കി. ഇന്ധനം കത്തിച്ചു തീർത്ത് വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതടക്കം ഇത്തരം അടിയന്തിരഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത ശേഷമായിരുന്നു പൈലറ്റ് വിമാനം ലാൻഡ് ചെയ്തത്.

വിമാനത്തിന്റെ പിൻചക്രങ്ങൾ മാത്രം നിലത്തു തൊടുന്ന രീതിയിൽ ലാൻഡ് ചെയ്ത് വിമാനം മന്ദഗതിയിലായ ശേഷമാണ് മുൻഭാഗം നിലം തൊടുന്നത്. സാഹസികമായ ഈ ലാൻഡിംഗിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.