സൌദി അറേബ്യൻ എണ്ണക്കപ്പലുകൾക്ക് നേരേ ആക്രമണം: പിന്നിലാരെന്ന് സ്ഥിരീകരണമായില്ല

single-img
13 May 2019

യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം. ആക്രമണത്തില്‍ സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായി. മേഖലയിലൂടെയുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ ഇറാനോ അവരുമായി ബന്ധമുള്ളവരോ ശ്രമിക്കുമെന്ന അമേരിക്കന്‍ മുന്നറിയിപ്പു നിലനില്‍ക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

പ്രാദേശിക സമയം ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് എണ്ണക്കപ്പലിനുനേർക്ക് ആക്രമണമുണ്ടായത്. ഗൾഫ് ഓഫ് ഒമാനിൽ യുഎഇയിലെ ഫുജൈറ എമിറേറ്റിന്റെ തീരത്തിനടുത്താണു സംഭവം. ഞായർ വൈകുന്നേരം ഇക്കാര്യം സ്ഥിരീകരിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവന നടത്തിയിരുന്നു. 

4 വാണിജ്യ എണ്ണക്കപ്പലുകൾക്കുനേർക്ക് ‘അട്ടിമറി ശ്രമം’ ഉണ്ടായെന്നാണു മന്ത്രാലയം അറിയിച്ചത്. എന്നാൽ ആളപായമോ കടലിൽ രാസവസ്തുക്കൾ വീണതായോ റിപ്പോർട്ടുകളില്ലെന്നും അറിയിച്ചു.

ഇത്തരം ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇവിടേയ്ക്ക് വിമാനവാഹിനിക്കപ്പലും ബോംബര്‍ വിമാനങ്ങളും അയച്ചിരിക്കുന്നത്.

തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം ഉണ്ടായതായി സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി തിങ്കൾ രാവിലെ റിപ്പോർട്ട് ചെയ്തു. യുഎഇ പറഞ്ഞ നാലു കപ്പലുകളിലെ രണ്ടെണ്ണമാണോ സൗദിയുടേതെന്നു വ്യക്തമല്ല. സൗദിയിലെ റാസ് തനൂര തുറമുഖത്തുനിന്നു ക്രൂഡ് ഓയിലുമായി യുഎസിലേക്കു പോയ എണ്ണക്കപ്പലാണ് ഇതിലൊന്ന്. ആളപായം ഉണ്ടായിട്ടില്ലെന്നും എണ്ണ കടലിൽ വീണിട്ടില്ലെന്നും സൗദിയും സ്ഥിരീകരിച്ചു. എന്നാൽ ഇരു കപ്പലുകൾക്കും കാര്യമായ തകരാർ പറ്റിയിട്ടുണ്ടെന്നു സ്ഥിരീകരിച്ചെങ്കിലും ഇവയുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണം നേരിട്ട കപ്പലുകളിലൊന്നിന്റെ പേര് അംജദ് ആണെന്ന സൂചനയുമുണ്ട്. എന്നാൽ സ്ഥിരീകരണമില്ല.

അറബിക്കടലിനു തീരത്ത് ഗൾഫിലെ എണ്ണക്കയറ്റുമതി ഏറ്റവും കൂടുതൽ നടക്കുന്ന ഹോർമുസ് കടലിടുക്കിനു സമീപം സ്ഥിതി ചെയ്യുന്ന ഏക തുറമുഖമാണ് യുഎഇയുടെ ഫുജൈറ. യുഎസുമായുള്ള സൈനിക പ്രശ്നങ്ങൾ പരിധിവിട്ടാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണി ഇറാന്റെ ഭാഗത്തുനിന്നു പലതവണ ഉണ്ടായിട്ടുണ്ട്. എന്നാൽ ആക്രമണമുണ്ടായ സാഹചര്യത്തിൽ അതിന്റെ അനന്തരഫലം എങ്ങനെയാകുമെന്ന ആശങ്ക ഇറാനും പ്രകടപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സുരക്ഷയെ ബാധിക്കുന്ന നടപടിക്കെതിരെ മുൻകരുതലെടുക്കണമെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി വാർത്താക്കുറിപ്പിൽ അറിയിച്ചു.

സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ഒട്ടുമിക്ക എണ്ണകയറ്റുമതിയും ഹോർമുസ് കടലിടുക്കു വഴിയാണു നടക്കുന്നത്. ദിവസവും കുറഞ്ഞത് 15 മില്യൺ ബാരലാണ് ഇതുവഴി കടന്നുപോകുന്നത്.