സർക്കാർ പണം മുടക്കുന്നത് ഏതെങ്കിലുമൊരു മതത്തിനു പ്രചാരം നൽകാനല്ല; കേന്ദ്രീയവിദ്യാലയങ്ങളിലെ ഈശ്വര പ്രാർഥന നിർത്തലാക്കണമെന്ന ഹർജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക്

single-img
29 January 2019

കേന്ദ്രീയവിദ്യാലയങ്ങളിലെ ഈശ്വര പ്രാർഥന നിർത്തലാക്കണമെന്ന് ഹർജി സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിലേക്ക്.  പ്രസ്തുത ഈശ്വര പ്രാർത്ഥന ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ അത് നിർത്തലാക്കണമെന്നുമാണ് ആവശ്യം.

സർക്കാർ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏതെങ്കിലും ഒരു മതത്തിന് പ്രചാരം കൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ അഡ്വ. വിനായക് ഷായാണ് ഹർജി നൽകിയത്. വിഷയം ഭരണഘടനാബെഞ്ചിന് വിടുന്നതിനായി ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, വിനീത് സരൺ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിൻ്റെപരിഗണനയ്ക്കയച്ചിരിക്കുകയാണ്.

സർക്കാർ പണം മുടക്കുന്ന സ്കൂളുകളിലോ മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലോ ഏതെങ്കിലുമൊരു മതത്തിനു പ്രചാരം നൽകുന്നത് ശരിയല്ല.രാജ്യത്തെ 1,125 കേന്ദ്രീയവിദ്യാലയങ്ങളിൽ പഠിക്കുന്ന വിവിധ മതവിശ്വാസികളായ കുട്ടികളെല്ലാം ‘അസതോമാ സദ്ഗമയാ…’ എന്നു തുടങ്ങുന്ന പ്രാർഥനാഗാനം ആലപിക്കേണ്ടിവരുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഒരു തരത്തിലുള്ള പ്രാർഥനകളും ആവശ്യമില്ലെന്നും  ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

വിദ്യാർഥികളിൽ ശാസ്ത്ര പഠനാഭിരുചി വളർത്തുന്നതിന് പ്രാർഥനകൾ തടസ്സം നിൽക്കുന്നു. പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ പ്രായോഗികമാർഗങ്ങൾ തേടുന്നതിനുപകരം ദൈവത്തിൽ അഭയംതേടാനാകും വിദ്യാർഥികൾ ശ്രമിക്കുകയെന്നും ഹർജിയിൽ പറയുന്നു. സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ നിർദേശങ്ങൾ പാടില്ലെന്ന് ഭരണഘടനയുടെ 28(1) വകുപ്പ് വ്യക്തമാക്കുന്നുണ്ടെന്നും  ഹർജിയിൽ പറയുന്നുണ്ട്.

കേന്ദ്രീയവിദ്യാലയങ്ങളിലെ പ്രാർഥന സൂക്ഷ്മമായി പഠിച്ചാൽ ഹിന്ദുമതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് വ്യക്തമാകും. രാജ്യവ്യാപകമായി വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ ഈ പ്രാർഥന അടിച്ചേൽപ്പിക്കാൻ സർക്കാരിന് സാധിക്കുമോ എന്നതാണ് വിഷയം. അതിനാൽ കേന്ദ്രീയ വിദ്യാലയങ്ങളിലെ അസംബ്ലിയിൽ ഒരു തരത്തിലുള്ള പ്രാർഥനയും വേണ്ടെന്ന് നിർദേശിക്കണമെന്നാണ്  ഹർജിയിലെ ആവശ്യം.

പ്രാർത്ഥനയ്ക്ക് പകരം. വിദ്യാർഥികളിൽ ശാസ്ത്രീയമായ പഠനരീതി പ്രോത്സാഹിപ്പിക്കണമെന്നും  ഹർജിയിൽ ആവശ്യപ്പെടുന്നു. കേന്ദ്ര മാനവശേഷിമന്ത്രാലയത്തിന് കീഴിലാണ് 50 വർഷത്തിലേറെയായി കേന്ദ്രീയ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. ലോകത്തെതന്നെ ഏറ്റവും വലിയ സ്കൂൾ ശൃംഖല കേന്ദ്രീയവിദ്യാലയങ്ങളിലെല്ലാം ഒരേ പാഠ്യരീതിയും സിലബസുമാണ് പിന്തുടരുന്നത്.