30 ദിവസം കൊണ്ട് 10 കിലോ ശരീരഭാരം കുറച്ചു; അതും ജിമ്മില്‍ പോകാതെ: പ്രവാസി യുവാവിന് സ്വര്‍ണസമ്മാനം നല്‍കി ദുബായ്

single-img
1 December 2018

മുപ്പത്തിനാലുകാരനായ ഫിലിപ്പൈന്‍ പൗരന്‍ റോമല്‍ മാനിയോക്കാണ് 30 ദിവസം കൊണ്ട് 10 കിലോ ശരീരഭാരം കുറച്ചത്. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് പ്രവാസി ഭാരം കുറച്ചത്. ദേറയിലെ അല്‍ ഗുറൈര്‍ സെന്ററാണ് പ്രവാസികളില്‍ ആരോഗ്യ അവബോധം ഉണ്ടാക്കുന്നതിന് ഫിറ്റ്‌നസ് ചലഞ്ച് പ്രഖ്യാപിച്ചത്.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം അനുസരിച്ചാണ് ഫിറ്റ്‌നസ് ചലഞ്ചിന്റെ രണ്ടാം സീസണ്‍ ദുബായില്‍ സംഘടിപ്പിച്ചത്. 9500 ഓളം പേരാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്. ഒരു മാസത്തിനിടെ ശരീരഭാരത്തില്‍ കുറക്കുന്ന ഓരോ കിലോക്കും ഓരോ ഗ്രാം സ്വര്‍ണം സമ്മാനം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

അങ്ങനെ പത്ത് ഗ്രാം സ്വര്‍ണമാണ് റോമല്‍ മാനിയോക്കിന് സമ്മാനമായി ലഭിച്ചത്. ഭാരം കുറച്ച് ഫിറ്റാകണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും സ്ഥിരമായി വര്‍ക്ക് ഔട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് റോമല്‍ പറഞ്ഞു. എല്ലാ ദിവസവും മൂന്ന് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ നടക്കുന്നതായിരുന്നു പതിവ്. ഫിറ്റ്‌നസ് ചലഞ്ച് പ്രഖ്യാപിച്ചതോടെ ഇത് 10 കിലോമീറ്ററാക്കി.

ആഴ്ചയില്‍ ആറ് ദിവസവും വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രമാക്കി. പഴങ്ങളും പച്ചക്കറികളും മാത്രം ആഴ്ചയില്‍ ആറ് ദിവസങ്ങളും കഴിച്ചു. വാരാന്ത്യത്തില്‍ ഒരു ദിവസം മാത്രമാക്കി മാംസഭക്ഷണങ്ങള്‍. ഇതിനുപുറമെ അവധിദിനങ്ങളില്‍ അല്‍ ഗുറൈര്‍ സെന്ററില്‍ സംഘടിപ്പിച്ചിരുന്ന സൗജന്യ ഫിറ്റ്‌നെസ് സെഷനുകളിലും പങ്കെടുത്തു.