ഐ എ എസ് ഉദ്യോഗസ്ഥന്റെ മകളെ ശല്യം ചെയ്തതിനു ഹരിയാന ബിജെപി പ്രസിഡന്റിന്റെ മകൻ അറസ്റ്റിൽ

single-img
5 August 2017

ഐ ഏ എസ് ഉദ്യോഗസ്ഥന്റെ മകളെ ശല്യം ചെയ്തതിനു ബിജെപിയുടെ ഹരിയാന സംസ്ഥാന പ്രസിഡന്റിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ബി ജെ പിയുടെ ഹരിയാന സംസ്ഥാന അദ്ധ്യക്ഷനും തോഹാനയിൽ നിന്നുള്ള ബിജെപിയുടെ എം എൽ ഏയുമായ സുഭാഷ് ബരാളയുടെ മകൻ വികാസ് ബരാള (23)യും സുഹൃത്ത് ആഷിഷ് കുമാറും (22) ആണു ചണ്ഡിഗഢ് പോലീസിന്റെ പിടിയിലായത്.

ഇന്നലെ രാത്രി പന്ത്രണ്ടരമണിയോടെ സ്വന്തം കാറിൽ ചണ്ഡിഗഢ് സെക്ടർ 9-ൽ നിന്നും പഞ്ചകുളയിലേയ്ക്കു പോകുകയായിരുന്ന യുവതിയെ പ്രതികൾ ഒരു ടാറ്റാ സഫാരി കാറിൽ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തതായാണു പരാതി. കാറിലിരുന്നുകൊണ്ട് യുവതി പോലീസിനെ ഫോൻ ചെയ്തു സഹായമഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് മനിജ്മരയിലെ ഹൌസിംഗ് ബോർഡ് ലൈറ്റ് പോയിന്റിനടുത്ത് വെച്ച് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവർ മദ്യലഹരിയിലായിരുന്നു. പരാതിക്കാരിയായ യുവതി ഒരു ഐ ഏ എസ് ഉദ്യോഗസ്ഥന്റെ മകളാണു. പ്രതികൾ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരി ആരോപിച്ചു.

വികാസ് ബരാള കുരുക്ഷേത്ര കോളജിലെ നിയമ വിദ്യാർത്ഥിയും ആഷിഷ് കുമാർ നിയമ ബിരുദധാരിയുമാണെന്ന് പോലീസ് അറിയിച്ചു. രണ്ടുപേരുടെയും പേരിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354 ഡി (സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്യൽ), മോട്ടോർ വാഹൻ നിയമം 185 (മദ്യപിച്ച് വാഹനമോടിക്കൽ) എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി ചണ്ഡീഗഢ് ഈസ്റ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആയ സതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.