വഴിയോരത്തു നിന്ന കുട്ടിയാനയെ വാഹനം നിര്‍ത്തി ശല്യം ചെയ്തു; മഹാരാഷ്ട്രാ സ്വദേശികളില്‍ നിന്നും തമിഴ്‌നാട് വനംവകുപ്പ് പിഴയായി ഈടാക്കിയത് 20,000 രൂപ

single-img
24 April 2017

കോയമ്പത്തൂര്‍: വനപാതയോരത്ത് നിന്ന കുട്ടിയാനയെ ശല്യം ചെയ്ത വിനോദസഞ്ചാരികളില്‍ നിന്ന് വനംവകുപ്പ് പിഴ ഈടാക്കി. തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തിനടുത്താണ് സംഭവം.

കുട്ടിയാനയുടെ സമീപം വാഹനം നിര്‍ത്തി ശല്യം ചെയ്ത കുറ്റത്തിനു വിനോദസഞ്ചാരികളും മഹാരാഷ്ട്ര സ്വദേശികളുമായ സാവന്ത്, അഭിജിത്, രോഹിത് എന്നിവരില്‍ നിന്നാണ് 20,000 രൂപ വനംവകുപ്പ് അധികൃതര്‍ പിഴ ഈടാക്കിയത്.

റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയാനയുടെ സമീപം വാഹനം നിര്‍ത്തി പുറത്തേക്ക് കൈയിട്ട് തലോടി കുട്ടിയാനയെ ശല്യം ചെയ്യുകയായിരുന്നു ഇവര്‍. സംഭവം പിന്നാലെ വന്ന മറ്റുചില യാത്രക്കാര്‍ ഫോട്ടോ എടുക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയുമാണുണ്ടായത്.