ചിന്നിച്ചിതറിയ ശരീരങ്ങളുടെ ചിത്രം പകര്‍ത്താതെ ജീവന്റെ ചെറു തുടിപ്പുള്ള ആ കുഞ്ഞു ശരീരത്തെ കോരിയെടുത്ത് നെഞ്ചോടു ചേര്‍ത്ത് അയാള്‍ ഓടി; സിറിയയിലെ ദുരന്ത മുഖത്ത് തന്റെ ജോലിക്കു മീതെ മനുഷ്യത്വത്തെ ഉയര്‍ത്തിക്കാട്ടി അബ്ദ് അല്‍കാദര്‍ ഹബാക് എന്ന ഫോട്ടോഗ്രാഫര്‍
സിറിയയില്‍ അഭയാര്‍ത്ഥി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദുരന്ത ദൃശ്യങ്ങള്‍ക്കിടയില്‍ വേറിട്ട കാഴ്ചയായി അബ്ദ് അല്‍കാദര്‍ ഹബാക് എന്ന ഫോട്ടോഗ്രാഫര്‍. മരണാസന്നനായി കിടക്കുന്ന ഒരു കുഞ്ഞിനെയും എടുത്ത് രക്ഷിക്കാനായി ഓടുന്ന ഹബാകിന്റെ ചിത്രം മസാഷ്യല്മീഡിയയില് വൈറലായിരിക്കുകയാണ്. തന്റെ തൊഴിലിനും മുകളിലാണ് മനുഷ്യത്വം എന്ന തിരിച്ചറിവിനെ ലോകം കൈയടിച്ചു ആദരിക്കുന്നു.
കഴിഞ്ഞയാഴ്ച സിറിയയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 68 കുട്ടികളടക്കം 126 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ മൃതദേഹങ്ങള്‍ ചിന്നിചിതറുകയായിരുന്നു. ആ രംഗം ഭയാനകമായിരുന്നുവെന്നാണ് ബോംബ് സ്ഫോടനത്തിന് ദൃക്സാക്ഷിയായ ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റുമായ അബ്ദ് അല്‍കാദര്‍ ഹബാക് പറയുന്നത്. താന്‍ അതില്‍ നിന്നും ഇനിയും മോചിതനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഒന്നുമറിയാത്ത കുരുന്നുകളാണ് സതന്റെ മുന്നില്‍ പിടഞ്ഞു മരിച്ചുവീണതെന്നും അദ്ദേഹം പറയുന്നു. ആദ്യത്തെ ഞെട്ടലില്‍ നിന്നും മോചിതനായപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ കൈയിലെ ക്യാമറ മാറ്റിവച്ച് തനിക്കൊപ്പമുള്ളവരേയും കൂട്ടി പരിക്കേറ്റവരെ രക്ഷിക്കാനായി അദ്ദേഹം ഓടുകയായിരുന്നു.
ഹാബാക്കിന്റെ വാക്കുകളില്‍ നിന്നും:
സ്ഫോടനത്തെ തുടര്‍ന്നു ചോരയില്‍ കുളിച്ച് നിലത്ത് കിടന്നിരുന്ന ഒരു കുട്ടിയെ ആണ് ആദ്യം കണ്ണില്‍പ്പെട്ടത്. എന്നാല്‍ ആ കുട്ടിക്കു ജീവനുണ്ടായിരുന്നില്ല. തൊട്ടടുത്ത് കിടന്നിരുന്ന മറ്റൊരു കുട്ടിയുടെ അടുത്തേക്ക് ഞാന്‍ ഓടി. ആ കുഞ്ഞിനും ജഏീവനില്ലെന്ന് എന്റെ തൊട്ടടുത്തു നിന്നും ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ ആ കുഞ്ഞിന്റെ ശരീരത്തില്‍ മനരിയ സ്പന്ദനം ഞാന്‍ അറിഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല, അവനെ നെഞ്ചോട് ചേര്‍ത്തു ഞാന്‍ കുതിച്ചു. അവന് എന്റെ കൈയില്‍ ഇറുകേ പിടിച്ച് എന്നെ നോക്കി കിടക്കുന്നുണ്ടായിരുന്നു.
ഹബക് കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് വിട്ടയച്ചു. ആറ് വയസ്സ് പ്രായമുള്ള കുട്ടിയായിരുന്നുവെന്നും ഹബക് പറയുന്നു. ആ കുട്ടി ബോംബാക്രമണത്തെ അതിജീവിച്ചോ എന്നും അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ സമയം കുഞ്ഞിനെ രക്ഷിക്കാനായി ഓടുന്ന ഹബകിന്റെ ചിത്രം മറ്റൊരു ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്‍റാഗബ് പകര്‍ത്തിയിരുന്നു.
ഇതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് നിലത്ത് കിടക്കുന്ന കുരുന്നിന്റെ മൃതദേഹം കണ്ട് ഹബക് പൊട്ടിക്കരയുന്ന മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആരുമടയും കണ്ണു നനയിക്കുന്ന ഈ ചിത്രം ഹബകിന്റെ സഹപ്രവര്‍ത്തകനാണ് പകര്‍ത്തിയത്.
മുമ്പ് യുദ്ധകെടുതിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി യൂറോപ്പിലേക്ക് പലായനം ചെയ്യവെ ബോട്ട് മുങ്ങി മരിച്ച ഐലാന്‍ കുര്‍ദി ഇന്നും ലോകത്തിന്റെ മനസ്സില്‍ നൊമ്പരമായി നില്‍ക്കുകയാണ്. കടല്‍ത്തീരത്ത് കമഴ്ന്നു മരിച്ചു കിടക്കുന്ന ഐലാന്റെ ചിത്രം ഇന്നും കാണികളുടെ കണ്ണിനെ ഈനറനണിക്കുന്നു. സിറിയയിലെ അലെപ്പോയിലുണ്ടായ വ്യോമാക്രമണത്തില്‍ പരുക്കേറ്റ് ചോരയില്‍ കുളിച്ച് ആംബുലന്‍സില്‍ വിറങ്ങലിച്ച് ഇരിക്കുന്ന ഒമ്രാന് ദഖ്നീഷ് എന്ന കുട്ടിയുടെ ചിത്രവും ലോകത്തു യുദ്ധവിരുദ്ധ ചിത്രമായി പ്രചരിച്ചിരുന്നു.