എന്തൊക്കെ പറഞ്ഞാലും ഉത്തരകൊറിയ അമേരിക്കയ്ക്ക് എന്നും ഒരു പേടിസ്വപ്‌നമാണ്; 1950ല്‍ ഭൂപടത്തില്‍ നിന്നുതന്നെ ആ രാജ്യത്തെ ഒഴിവാക്കാന്‍ വന്ന് 50,000 സ്വന്തം സൈനികരെ ബലിനല്‍കി പരാജിതരായി കപ്പല്‍കയറിയ ചരിത്രം അമേരിക്ക മറന്നുകാണുമോ?

അമേരിക്ക എന്ന ‘ലോക പൊലീസ്’ ലോകത്തിനു മുന്നില്‍ത്തന്നെ നാണം കെട്ട സംഭവമായിരുന്നു 1959 ലെ വിയറ്റ്‌നാം യുദ്ധം. വിയറ്റ്‌നാമിലുണ്ടായ ഭരണകൂട അട്ടിമറിയെ അടിച്ചമര്‍ത്താനും ഏഷ്യയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുമായി അമേരിക്ക നടത്തിയ ഇടപെടലായിരുന്നു അത്. ഒരര്‍ത്ഥത്തില്‍ അതു മാത്രമായിരുന്നില്ല അവരുടെ യഥാര്‍ത്ഥ ഉദ്ദേശം. സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും കീഴില്‍ ലോകത്ത് വളര്‍ന്നു വരുന്ന കമ്മ്യൂണിസ്റ്റു വ്യാപനത്തെ നുള്ളിക്കളയുക എന്നുള്ളതുകൂടിയുണ്ടായിരുന്നു. എന്നാല്‍ വളരെ ദയനീയമായ ഒരു തോല്‍വിയാണ് വിയറ്റ്‌നാമില്‍ വമ്പന്‍മാരെ കാത്തിരുന്നത് എന്നുള്ളതാണ് ചരിത്രം. കുഞ്ഞന്‍മാരെ കീഴടക്കാന്‍ എളുപ്പമാണ് എന്ന മുന്‍വിധിയോടെ ഇരമ്പിച്ചെന്ന അമേരിക്കന്‍ സൈനികര്‍ക്ക് വിയറ്റ്‌നാമില്‍ നഷ്ടപ്പെട്ടത് അരക്ഷത്തിലധികം സ്വന്തം സൈനികരെയാണ്. ലോകത്തിനു മുന്നില്‍ മാത്രമല്ല സ്വന്തം ജനതയ്ക്കു മുന്നിലും നാണംകെട്ട് ഒടവില്‍ ലോകപൊലീസിന് മടങ്ങേണ്ടി വന്നു.

അമേരിക്കയ്ക്കു ഏര്‍പ്പെട്ട ഏറ്റവും വലിയ തോല്‍വിയായാണ് ചരിത്രം വിയറ്റ്‌നാം യുദ്ധത്തെപ്പറ്റി സംസാരിക്കുന്നത്. എന്നാല്‍ അതിനും ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് മറ്റൊരു ദയനീയ പരാജയത്തിന്റെ കഥകൂടി അമേരിക്കയുടേതായി ചരിത്രം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അതായിരുന്നു കൊറിയന്‍ യുദ്ധം. ഉത്തര- ദക്ഷിണ കൊറിയകള്‍ ആരംഭിച്ച യുദ്ധത്തില്‍ വിവിധോദ്ദേശ്യങ്ങളോടെ ഇടപെടുകയും അവസാനം പൂര്‍ണ്ണപരാജിതരായി മടങ്ങേണ്ടിവരികയുമായിരുന്നു അമേരിക്ക. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കയുടെ പസിഫിക് മേഖലയിലെ സുപ്രീം കമാന്‍ഡും ജപ്പാന്റെ കീഴടങ്ങലിനു വഴിയൊരുക്കിയ വ്യക്തിയുമായിരുന്ന മാര്‍ക് ആര്‍തറുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സൈനികര്‍ക്ക് വീരനായകരില്‍ നിന്നും പരാജിതരിലേക്കുള്ള വന്‍ വീഴ്ചകൂടിയായിരുന്നു ആ യുദ്ധം.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ധാരണപ്രകാരം ഒരൊറ്റ രാഷ്ട്രമായിക്കിടന്നിരുന്ന കൊറിയയെ തെക്കും വടക്കും ഭാഗങ്ങളായി വിഭജിച്ചതോടെ ആ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ാരംഭിച്ചിരുന്നു. ’38മത് പാരലല്‍’ എന്ന സാങ്കല്‍പ്പിക രേഖക്ക് ഇരുപുറത്തു നിന്നും പലപ്പോഴും പ്രകോപനങ്ങളും മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. 1947 ല്‍ ഐക്യരാജ്ട്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ ദക്ഷിണകൊറിയയില്‍ തെരഞ്ഞെടുപ്പ് നടക്കുകയും സിംഗ്മാന്‍ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ അമേരിക്ക പൂര്‍ണ്ണമായും പിന്‍മാറുകയായിരുന്നു. അങ്ങ് ഉത്തരകൊറിയയില്‍ കിം ഇല്‍ സൂങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് ഭരണം കൈമാറിക്കൊണ്ട് സോവിയറ്റ് യൂണിയനും മോസ്‌കോയിലേക്കു പോയി. 194ഓടെ സ്വതന്ത്ര രാജ്യമായി ഉത്തരകൊറിയ പ്രഖ്യാപനം നടത്തിയതോടെ ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ഉരസല്‍ ശക്തമായി.

കൊറിയന്‍ വിഭജനം നടന്നത് ഉത്തരകൊറിയയുടെ ഇഷ്ടപ്രകാരമല്ലെന്ന വാദമുയര്‍ത്തി 1950 ജൂണ്‍ 25ന് അവര്‍ ദക്ഷിണ കൊറിയയെ ആക്രമിച്ചു. ഈ ആരകമണത്തിനു പിന്നില്‍ സോവിയറ്റ്- ചൈനീസ് ശക്തികളുടെ മൗനാനുവാദവുമുണ്ടായിരുന്നു എന്നുള്ളതായിരുന്നു സത്യം. സോവിയറ്റ് യൂണിയനില്‍ എനിന്നും ലഭിച്ച ടാങ്കുകളും യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു ഭടന്‍മാരുമായി ദക്ഷിണ കൊറിയയെ കയറി ആക്രമിച്ച ഉത്തരകൊറിയ ആരകമിക്കപ്പെട്ട ഭാഗങ്ങളെല്ലാം തങ്ങളുടേതാക്കി മാറ്റിക്കൊണ്ടിരുന്നു. തിരിച്ചടിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ പിന്‍തിരിഞ്ഞോടന്‍ മാത്രമേ ദക്ഷിണ കൊറിയന്‍ പട്ടാളത്തിനു കഴിഞ്ഞിരുന്നുള്ളു. ഒടുവില്‍ തലസ്ഥാനമായ സോളും ഉത്തരകൊറിയ കീഴടക്കി. ഇതോടെ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടലുണ്ടാകുകയായിരുന്നു.

ആക്രമിച്ചു കീഴടക്കിയ പ്രദേശങ്ങള്‍ വിട്ട് ഉത്തരകൊറിയയോട് മുന്‍ അതിര്‍ത്തിയായ 38 പാരലലിനു അപ്പുറത്തേക്കു മാറാന്‍ യുഎന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ യുഎന്നിന്റെ വാക്കുകള്‍ക്ക് ഉത്തരകൊറിയ ചെവി കൊടുത്തില്ല. അവര്‍ ആക്രമണം തുര്‍ന്നുകൊണ്ടേയിരുന്നു. അതോടെ യുദ്ധത്തില്‍ ഇടപെടാന്‍ യുഎന്‍ തീരുമാനിക്കുകയും യുദ്ധത്തിന്റെ നേതൃത്വം അമേരിക്ക ഏറ്റെടുക്കുകയുമായിരുന്നു. കൊറിയന്‍ യുദ്ധത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗീകാരം നല്‍കുന്നതിന് മുന്‍പ് തന്നെ ദക്ഷിണകൊറിയയെ സഹായിക്കാന്‍ പ്രസിഡന്റ് ട്രൂമാന്‍ ഉത്തരവിട്ടതും അന്ന് വന്‍ വിമര്‍ശനം വരുത്തിവച്ചിരുന്നു. തക്കംപാര്‍ത്തിരുന്ന അമേരിക്കയ്ക്ക് വടക്കന്‍ കൊറിയയെ അടിക്കാനുള്ള വടിയായിരുന്നു ആ യുദ്ധം. അതു വിട്ടുകളയാന്‍ ട്രൂമാന്‍ ഒരുക്കമല്ലായിരുന്നു. യുദ്ധത്തിനു ശേഷം വടക്കന്‍ കൊറിയ ഈ ലോകത്ത് ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടെ തന്നെ ജനറല്‍ ‘മക് ആര്‍തറെ’ കൊറിയന്‍ സൈനിക ഇടപെടലിന്റെ ചുമതലയും ട്രൂമാന്‍ ഏല്‍പിച്ചു. എന്തുവില നല്‍കിയും വടക്കന്‍ കൊറിയയെ ഇല്ലാതാക്കുക എന്നുള്ളതായിരുന്നു ആര്‍തര്‍ക്കു കിട്ടിയ നിര്‍ദ്ദേശം.

മക് ആർതർ

യുദ്ധത്തിനു പുറപ്പെടുന്നതിനു മുമ്പ് ഒരു കാര്യം കൂടി മാര്‍ക് ആര്‍തറെ അമേരിക്കന്‍ സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു. ഉത്തരകൊറിയന്‍ സേനയെ കീഴടക്കുന്നതിനിടയില്‍ ഒരിക്കലും അയല്‍ രാജ്യങ്ങളായ സോവിയറ്റ് മഞ്ചൂറിയയുടെ അതിര്‍ത്തി കടക്കരുതെന്നും ചൈന,സോവിയറ്റ് സേനാ ശക്തികള്‍ക്കെതിരെ പോരാടരുതെന്നുമായിരുന്നു ആ നിര്‍ദ്ദേശം. സോവിയറ്റ് മഞ്ചൂറിയന്‍ അതിര്‍ത്തി ആക്രമണമുണ്ടായാല്‍ ഒരിക്കലും വിദേശ ഭടന്‍മാര്‍ അവിടെ ഉണ്ടാകരുതെന്നും സര്‍ക്കാര്‍ സൈന്യത്തിനു മുന്നറിയിപ്പു കൊടുത്തു. കൊറിയക്കാരായ സൈനികരായിരിക്കണം അങ്ങനെയൊരവസ്ഥയില്‍ അവിടെയുണ്ടാകേണ്ടതെന്നായിരുന്നു അമേരിക്കന്‍ സൈന്യത്തിനു ലഭിച്ച നിര്‍ദ്ദേശം.

തുടര്‍ന്നു വടക്കന്‍ കൊറിയ പിടിച്ചെടുത്ത സോള്‍ നഗരത്തിനു പടിഞ്ഞാറന്‍ തീരത്ത് 70,000 സൈനികരെ അമേരിക്ക കടല്‍മാര്‍ഗ്ഗം ഇറക്കിക്കൊണ്ട് ആക്രമണം ആരംഭിച്ചു. വടക്കന്‍ കൊറിയയുടെ തെക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് മറ്റൊരു സംഘവും ആക്രമണം ആരംഭിച്ചു. ഇരുഭാഗത്തു നിന്നുമുള്ള ആക്രമണം കനത്തതോടെ വടക്കന്‍ കൊറിയയുടെ സൈനികര്‍ പ്രതസ്‌നധിയിലായി. രൂക്ഷമായ ആരകമണത്തിനൊടുവില്‍ വടക്കന്‍ കൊറിയ പിന്‍മാറ്റം തുടങ്ങി. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോള്‍ അമേരിക്ക തിരിച്ചു പിടിച്ചു. അവിടുത്തെ ആക്രമണം അവസസാനിച്ചപ്പോള്‍ 1,25,000 ഉത്തരകൊറിയന്‍ സൈനികര്‍ യുദ്ധത്തടവുകാരായി അമേരിക്ക പിടികൂടിയിരുന്നു.

മാര്‍ക് ആര്‍തറിന്റെ കുര്‍മ്മ ബുദ്ധിക്കും യുദ്ധവീര്യത്തിനും മുന്നില്‍ വടക്കന്‍ കൊറിയ തിരിഞ്ഞോടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ദക്ഷിണ കൊറിയയെ കീഴടക്കിയ ഉത്തരകൊറിയയുടെ നിഴല്‍ മാത്രമായിരുന്നു പിന്നീടുണ്ടായത്. ഒടുവില്‍ സാങ്കല്‍പ്പിക അതിര്‍ത്തിയായ 38 പാരലലിനു അപ്പുറത്തേക്കു ഉത്തരകൊറിയ ചുരുങ്ങി. എന്നാല്‍ അമേരിക്ക- ദക്ഷിണകൊറിയ സൈനികര്‍ തങ്ങളുടെ ആക്രമണം നിര്‍ത്തിയില്ല. ‘ഇനി ഉത്തരകൊറിയ എന്നൊരു രാജ്യം ഉണ്ടാകരുത്’ എന്നുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍മദ്ദശം നടപ്പിലാക്കുവാന്‍ മാര്‍ക് ആര്‍തര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഉത്തരദേശത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യുകയും ഇരു കൊറിയകളെ ഒന്നിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ആര്‍തര്‍ മുന്നില്‍ക്കണ്ടത്. അമേരിക്കന്‍ സര്‍ക്കാറരും പൂര്‍ണ്ണ പിന്തുണയുമായി സൈന്യത്തിനൊപ്പമുണ്ടായിരുന്നു.

ആര്‍തറുടെ നേതൃത്വത്തില്‍ അമേരിക്ക- ദക്ഷിണ കൊറിയ സൈന്യം അതിര്‍ത്തിക്കപ്പുറത്തേക്ക് ഇരമ്പിച്ചെന്നു. ശക്തമായ ആരകമണത്തില്‍ പിടിച്ചു നില്‍ക്കാതെ ഉത്തരകൊറിയന്‍ സൈനികര്‍ പിന്‍വലിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ വടക്കന്‍ കൊറിയയുടെ തലസ്ഥാനമായ പ്യോംങ്യാംഗ് അവര്‍ പിടിച്ചെടുത്തു. ഉത്തരരകൊറിയയുടെ കിം ഇല്‍ സുങ്ങ് ഭരണകൂടം നിലപതിച്ചു. അപ്പോഴേക്കും ആ രാജ്യത്തിന്റെ 90 ശതമാനവും അമേരിക്ക- ദക്ഷിണകൊറിയ സഖ്യത്തിന്റെ പിടിയിലായിരുന്നു.

സ്വാഭാവികമായും യുദ്ധം അവസാനിക്കേണ്ട സമയമായിരുന്നു അത്. എന്നാല്‍ മക് ആര്‍തര്‍ അതുകൊണ്ടും അവസാനിപ്പിച്ചില്ല. ഭൂപടത്തില്‍ നിന്നുതന്നെ ഉത്തരകൊറിയയെ തുടച്ചു നീക്കാനുള്ള ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ മനസ്സു നിറയെ. മുമ്പ് അമേരിക്കന്‍ ഗവണ്‍മെന്റ് നല്‍കിയ മുന്നറിയിപ്പുകളെല്ലാം അദ്ദേഹം മറന്നുകൊണ്ട് ഉത്തരകൊറിയയുടെ വടക്കന്‍ അതിര്‍ത്തിയും കടന്ന് ചൈനീസ് മഞ്ചൂറിയയിലേക്ക് അമേരിക്കന്‍ സൈന്യം കടന്നു കയറുകയായിരുന്നു. പക്ഷേ അതിനു നല്‍കേണ്ടി വന്ന വില മക് ആര്‍തര്‍ തന്റെ ജീവിതകാലം മുഴുവ്വന്‍ മറക്കാത്ത ഒന്നുമായിരുന്നു.

ചെെനീസ് സെെനികർ യാലു നദി മുറിച്ചു കടക്കുന്നു

1953 ഒക്ടോബര്‍ 25 ന് യാലു നദീതീരത്ത് തങ്ങളുടെ അതിര്‍ത്തിക്കിപ്പുറത്തേക്ക് കടന്നുകയറിയ അമേരിക്കന്‍- ദക്ഷിണകൊറിയന്‍ സൈന്യത്തെ സ്വീകരിച്ചത് രണ്ടുലക്ഷത്തോളം വരുന്ന ചൈനീസ് കാലാള്‍പ്പടയുടെ വെടിയുണ്ടകളായിരുന്നു. ഒരു പഴുതുപോലും കൊടുക്കാതെ ചൈനീസ് സൈന്യം അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ചു. അപ്രതീക്ഷിതവും എന്നാല്‍ വളരെ ശക്തവുമായ പ്രത്യാക്രമണത്തില്‍ അമേരിക്കന്‍- ദക്ഷിണ കൊറിയന്‍ സൈനികര്‍ തകര്‍ന്നു തരിപ്പണമായി. ഉഇതിനിടയില്‍ സോവിയറ്റ് യൂണിയന്റെ വകയായി തങ്ങളുടെ അതിര്‍ത്തി കാക്കാനെന്ന പേരില്‍ അമേരിക്കന്‍ സഖ്യ സൈനികര്‍ക്കെതിരെ വ്യോമാക്രമണവും തുടങ്ങി. പിന്തിരിഞ്ഞോടിയ ഉത്തരകൊറിയന്‍ സൈനികരും ഈ സമയത്തു തിരികെ എത്തിയിരുന്നു. മുന്നേറിയ വഴിയില്‍ക്കൂടി തിരികെ ഓടുക എന്നുള്ളതല്ലാതെ മറ്റൊരു വഴിയും അമേരിക്കന്‍ സഖ്യ സൈനികര്‍ക്കു മുന്നിലില്ലായിരുന്നുവെന്നുള്ളതാണ് സത്യം.

അമേരിക്കയ്ക്കു നേരേയുള്ള ചെെനീസ് ആക്രമണം

ഉത്തരകൊറിയയും ചൈനയും കൂട്ടുചേര്‍ന്ന് വന്‍ മൂന്നേറ്റമാണ് പിന്നീട് നടത്തിയത്. പ്യോംങ്യാംഗ് അവര്‍ തിരിച്ചുപിടിച്ചുകൊണ്ടു നടത്തിയ മുന്നേറ്റം അവസാനിച്ചതാകട്ടെ 1951 ജനുവരി 4ന് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോള്‍ പിടിച്ചെടുക്കുന്നതിലൂടെയും. ഒരിക്കല്‍ പിടിച്ചെടുത്ത ശേഷം കൈവിട്ട സോള്‍ നഗരം വീണ്ടും ഒരിക്കല്‍ക്കൂടി ഉത്തരകൊറിയ പിടിച്ചെടുക്കുകയായിരുന്നു. അമേരിക്കയുടെ രണ്ടാം ഡിവിഷന് ഒരൊറ്റ പകലില്‍ ഉണ്ടായ ആക്രസമണത്തില്‍ നഷ്ടപ്പെട്ടത് 3000 പട്ടാളക്കാരെയായിരുന്നു. ഇതോടെ അമേരിക്കയും ദക്ഷിണകൊറിയയും പരാജയം സമ്മതിച്ചു.

ഇതോടെ യുദ്ധരംഗത്ത് നേരിട്ട് ഇടപെട്ട് ഐക്യരാഷ്ട്ര സഭ രംഗത്തെത്തി. 1953 ജൂലൈ 27ന് സമാധാനഉടമ്പടി ഒപ്പുവച്ചതോടെ യുദ്ധം അവസാനിച്ചു. യുദ്ധത്തിനു മുമ്പുള്ളതില്‍ നിന്നും വലിയ വ്യത്യാസമില്ലാതെ അതിര്‍ത്തി പുനഃനിര്‍ണ്ണയിക്കുകയും അത് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കുകയും ചെയ്തു. പക്ഷേ ഏറ്റവും വലിയ പരാജയം അമേരിക്കയ്ക്കായിരുന്നു. ലോക പൊലീസ് ചമഞ്ഞ് പ്രശനത്തില്‍ കയറി ഇടപെടുകയും എന്നാല്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ടായിരുന്നു അമേരിക്ക തിരികേ മടങ്ങിയത്. ലോക മഹായുദ്ധത്തിലെ വീരനായകനില്‍ നിന്നും പരാജയത്തിന്റെ പടുകുഴിയിലേക്കു വീണ്ട മക് അര്‍തര്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്ഥാനമൊഴിഞ്ഞു. ഇന്നും അമേരിക്കയുടെ ഉണങ്ങാത്ത മുറിവായി ഈ യുദ്ധം അവശേഷിക്കുന്നു എന്നുള്ളതാണ് സത്യം.