പാക് കളിക്കാര്‍ക്കു നേരെ ശിവസേനയുടെ പ്രതിഷേധം
14 January 2013
മുംബൈയില്‍ പരിശീലനം നടത്തുകയായിരുന്ന പാകിസ്ഥാന് ഹോക്കി താരങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍. ഇന്ത്യ ഹോക്കി ലീഗില്‍ പങ്കെടുക്കാനാണ് കളിക്കാര്‍ എത്തിയത്. ബോംബൈ ഹോക്കി അസോസിയേഷന്റെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തുകയായിരുന്നു പാക് കളിക്കാര്‍. ശിവസേനയുടെ പ്രതിഷേധത്തിനെത്തുടര്‍ന്ന് പരിശീലനം പൂര്‍ത്തിയാക്കാതെ കളിക്കാരെ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി.
കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച പാക് സൈനികരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ശിവസേന കളിക്കാര്‍ക്കെതിരെ തിരിഞ്ഞത്. ശനിയാഴ്ചയാണ് പാക് കളിക്കാര്‍ക്ക് ഇന്ത്യ വിസ അനുവദിച്ചത്. കനത്ത സുരക്ഷയിലാണ് ടീം ഇന്ത്യയില്‍ കഴിയുന്നത്.