ആസാം സംഘര്‍ഷം: ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

single-img
8 August 2012

ആസാമിലെ സംഘര്‍ഷം ഉന്നയിച്ചുണ്ടായ പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭാ നടപടികള്‍ തടസപ്പെട്ടു. രാവിലെ 11 ന് സഭ സമ്മേളിച്ച ഉടന്‍ സ്പീക്കര്‍ മീരാകുമാര്‍ നടപടികളിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് എംപി എസ്.കെ. ബിസ്മുത്യാരിയാണ് വിഷയം ഉന്നയിച്ചത്. ബിജെപി അംഗങ്ങള്‍ പിന്തുണയുമായി എത്തിയതോടെ അന്തരീക്ഷം ബഹളമയമാകുകയായിരുന്നു. പ്ലക്കാര്‍ഡുകളുമായി അംഗങ്ങള്‍ സ്പീക്കറുടെ ചേമ്പറിനടുത്ത് എത്തി. ഇതിനിടെ തെലങ്കാന സംസ്ഥാന രൂപീകരണ വിഷയമുന്നയിച്ച് ഈ മേഖലയിലെ എംപിമാരും രംഗത്തെത്തി. തുടര്‍ന്ന് സ്പീക്കര്‍ സഭ ഉച്ചവരെ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ബി.ആര്‍. അംബേദ്കറുടെ പ്രതിമകള്‍ക്ക് നേരെ നടക്കുന്ന അക്രമം ഉന്നയിച്ച് ബിഎസ്പിയും രാജ്യസഭാ നടപടികള്‍ തടസപ്പെടുത്തി. ബിഎസ്പി നേതാവ് മായാവതിയാണ് വിഷയം ഉന്നയിച്ചത്. ശൂന്യവേളയില്‍ പ്രശ്‌നം ഉന്നയിക്കാന്‍ ചെയറിലുണ്ടായിരുന്ന ഹാമിദ് അന്‍സാരി ആവശ്യപ്പെട്ടെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ സഭ പിന്നീട് നിര്‍ത്തിവെയ്ക്കുകയായിരുന്നു.