അഫ്ഗാനില്‍ നാറ്റോ, താലിബാന്‍ ആക്രമണങ്ങളില്‍ 40 മരണം

single-img
7 June 2012

അഫ്ഗാനിസ്ഥാനില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേരും താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 22പേരും കൊല്ലപ്പെട്ടു. എല്ലാവരും സിവിലിയന്മാരാണ്. കാബൂളിനു തെക്ക് ലോഗാര്‍ പ്രവിശ്യയില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 18 പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. ഇതിനുശേഷം മണിക്കൂറുകള്‍ക്കകം കാണ്ഡഹാറിലെ നാറ്റോ വ്യോമത്താവളത്തിനു നേര്‍ക്ക് താലിബാന്‍കാര്‍ നടത്തിയ ആക്രമണത്തില്‍ 22 സിവിലിയന്മാര്‍ക്കു ജീവഹാനി നേരിടുകയും 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കാണ്ഡഹാര്‍ വിമാനത്താവളത്തിനു സമീപം നാറ്റോ ട്രക്കുകള്‍ പാര്‍ക്കു ചെയ്തിരുന്ന പ്രദേശത്താണ്‌മോട്ടോര്‍ബൈക്കില്‍ എത്തിയ ഭീകരന്‍ സ്‌ഫോടനം നടത്തിയത്. ആദ്യത്തെ ആക്രമണത്തിനു ശേഷം മിനിറ്റുകള്‍ക്കകം കാല്‍നടയായി എത്തിയ മറ്റൊരു ചാവേ റും ആക്രമണം നടത്തി. ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നാറ്റോ താവളമാണിത്. ദക്ഷിണ മേഖലയിലെ നാലു പ്രവിശ്യാ ഗവര്‍ണര്‍മാരുടെ സമ്മേളനം ഇവിടെ നടക്കുമ്പോഴായിരുന്നു ആക്രമണമെന്ന് പോലീസ് മേധാവി ജനറല്‍ അബ്ദുള്‍ റസീഖ് പറഞ്ഞു.