ചർച്ച ഫലപ്രദം;പ്രധാനമന്ത്രി പാക്കിസ്ഥാൻ സന്ദർശിക്കും

single-img
8 April 2012

ഇന്ത്യയിലെത്തിയ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുമായി ചർച്ച നടത്തിയ പ്രധാനമന്ത്രി മൻ മോഹൻ സിംഗ് പാക്കിസ്ഥാൻ സന്ദർശിക്കാനുള്ള അദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു.പ്രധാനമന്ത്രിയുടെ റേസ് കോഴ്സ് റോഡിലുള്ള വസതിയിൽ വെച്ചു നടന്ന ചർച്ചയിൽ ഹാഫിസ് സയിദ് പ്രശ്നമുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.സർദാരിയുടെ ക്ഷണം സ്വീകരിച്ച് കൊണ്ട് ഉചിതമായ സമയത്ത് പാക്കിസ്ഥാൻ സന്ദർശിക്കുമെന്ന് മൻമോഹൻ സിങ്ങ് പറഞ്ഞു.സൌഹാർദപരവും ക്രിയാത്മകവുമായിരുന്നു ചർച്ചയെന്ന് ഇരു നേതാക്കളും കൂടിക്കാഴ്ചയ്ക്ക് ശേഷം അഭിപ്രായപ്പെട്ടു.ചർച്ച ചെയ്ത എല്ലാ വിഷയത്തിലും പ്രായോഗിക പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു.പാക് പ്രസിഡന്റിനു വേണ്ടിയൊരുക്കിയ ഉച്ച വിരുന്നിന് പ്രധാനമന്ത്രിയുടെ ക്ഷണമനുസരിച്ച് ലോക് സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്,കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി,എൽ.കെ.അദ്വാനി എന്നിവരും പങ്കെടുത്തു.വിരുന്നിന് നന്ദി പറഞ്ഞ സർദാരി മൻ മോഹൻ സിങ്ങുമായി ഉടൻ തന്നെ പാക്കിസ്ഥാനിൽ കൂടിക്കാഴ്ച നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.