അണ്ണാ ഹസാരെ അറസ്റ്റില്‍

single-img
16 August 2011

ന്യൂഡല്‍ഹി: ഗാന്ധിയന്‍ അണ്ണാ ഹസാരെ അറസ്റ്റില്‍. ശക്തമായ ലോക്പാല്‍ നിയമത്തിനു വേണ്ടി ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നതിനായി പുറപ്പെടുമ്പോള്‍ പൊലീസ് മയൂര്‍ വിഹാറില്‍ ഹസാരെയുടെ വീട്ടില്‍ എത്തി അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഹസാരെയെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് അനുയായികള്‍ തടഞ്ഞെങ്കിലും പൊലീസ് അദ്ദേഹത്തെ ഒരു സ്വകാര്യ വാഹനത്തില്‍ കയറ്റി പൊലീസ് സങ്കേതത്തിലേക്കു കൊണ്ടു പോയി. സിവില്‍ ലൈന്‍സിലെ ഒാഫിസേഴ്സ് മെസിലാണു ഹസാരെയെ പാര്‍പ്പിച്ചിര്ിക്കുന്നതെന്നാണു വിവരം. ഹസാരെയ്ക്കു പുറമെ കിരണ്‍ ബേദിയെയും അരവിന്ദ് കേജ്രിവാളിനെയും മനീഷി സിദോദിയയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ആയിരക്കണക്കിന് അനുയായികള്‍ വാഹനത്തിനു വലയം തീര്‍ത്തും  വഴിയില്‍ കുത്തിയിരുന്നും പ്രതിഷേധം പ്രകടിപ്പിച്ചു. കനത്ത പൊലീസ് സന്നാഹത്തെ പ്രദേശത്തു വിന്യസിച്ചിരുന്നു. അനുയായികള്‍ എത്തിയ വാഹനങ്ങളും പൊലീസ് തടഞ്ഞു. സ്ഥലത്തു നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായി. ജനത്തിരക്ക് മൂലം വളരെ കഷ്ടപ്പെട്ടാണ് ഹസാരെയും വഹിച്ചു കൊണ്ടുള്ള വാഹനം പൊലീസ് മുന്നോട്ട് എടുത്തു കൊണ്ടിരുന്നത്്. ജെപി പാര്‍ക്കിലെത്തിയ പ്രവര്‍ത്തകരെയും പൊലീസ് അപ്പപ്പോള്‍ അറസ്റ്റ് ചെയ്ത് നീക്കി. ഇന്നു രാവിലെ ഒന്‍പതു മണിക്കാണ് ഹസാരെ നിരാഹാര സമരം ആരംഭിക്കാനിരുന്നത്.

ജയപ്രകാശ് നാരായണ്‍ പാര്‍ക്കിനു മുന്നില്‍ ഇന്നലെ രാത്രി നിരോധനാജ്ഞ ലംഘിച്ച്   സംഘടിച്ചതിന് അന്‍പതോളം ഹസാരെ അനുയായികളെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിബന്ധനകള്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണു ഹസാരെയുടെ നിരാഹാര സത്യഗ്രഹത്തിനു പൊലീസ് കഴിഞ്ഞദിവസം അനുമതി നിഷേധിച്ചത്. മുന്നോട്ടു വച്ച 22 നിബന്ധനകളും ഹസാരെ അംഗീകരിച്ചാല്‍ മാത്രമേ നിരാഹാര സമരത്തിന് അനുമതി നല്‍കുകയുളളൂവെന്നായിരുന്നു പൊലീസ് നിലപാട്.

സത്യഗ്രഹം മൂന്നു ദിവസത്തികം അവസാനിപ്പിക്കണം, 5000 ലധികം പേരെ പങ്കെടുപ്പിക്കരുത്, പാര്‍ക്കിങ് സ്ഥലത്ത് നൂറു വാഹനത്തില്‍ കൂടുതല്‍ പാടില്ല, ലൌഡ് സ്പീക്കറുകള്‍ ഉപയോഗിക്കരുത്, പന്തലുകള്‍ കെട്ടരുത്, സത്യഗ്രഹികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ അനുസരിക്കണം എന്നിവയായിരുന്നു പ്രധാന നിബന്ധനകള്‍. ഈ ആറ് കാര്യങ്ങളും അംഗീകരിക്കാനാകില്ലെന്ന് ഹസാരെ സംഘം രേഖാമൂലം പൊലീസിനെ അറിയിക്കുകയായിരുന്നു.

സര്‍ക്കാര്‍ ബലപ്രയോഗത്തിനു മുതിര്‍ന്നാലും ഇന്നു നിരാഹാരസമരം നടത്തുമെന്ന് അണ്ണാ ഹസാരെ ഇന്നലെ വ്യക്തമാക്കിയിരുന്നു.