ക്രൈസ്തവര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളില്‍ ശക്തമായ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യം പറഞ്ഞെന്ന് ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് കളത്തിപറമ്ബില്‍

single-img
2 May 2023

കൊച്ചി: ക്രൈസ്തവര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളില്‍ ശക്തമായ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് കളത്തിപറമ്ബില്‍ പറഞ്ഞു.

കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. കക്കുകളി നാടകത്തില്‍ കെസിബിസിയുടെ നിലപാടാണ് വരാപ്പുഴ അതിരൂപതക്ക്. കക്കുകളി വിവാദത്തില്‍ കാര്യമായ പ്രതികരണം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നുണ്ടായില്ല. കേരള സ്റ്റോറി വിഷയത്തില്‍ ഉണ്ടായ രീതിയിലുള്ള പ്രതികരണം കക്കുകളി വിവാദത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കക്കുകളി പ്രദര്‍ശനം കേരളത്തില്‍ നിരോധിക്കണമെന്ന് കെസിബിസി അധ്യക്ഷന്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഇന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും ആവര്‍ത്തിച്ചു. നാടകത്തില്‍ പ്രത്യേകമായി എന്ത് കലാമൂല്യമാണുള്ളത്? ക്രൈസ്തവ സന്യാസിനികള്‍ക്കെതിരെ അവഹേളനമാണ് നാടകത്തിന്റെ ഉള്ളടക്കം. സന്യസ്ത ജീവിതത്തെ ലൈംഗികവത്കരിച്ച്‌ അവഹേളിക്കുന്ന നീചമായ പ്രവര്‍ത്തിയാണ് നാടകത്തിലേതെന്നും അദ്ദേഹം പറഞ്ഞു. കക്കുകളി വിഷയത്തില്‍ സര്‍ക്കാരിനെ ആദ്യം ബോധ്യപ്പെടുത്തട്ടെയെന്ന് പറഞ്ഞ അദ്ദേഹം അതിന് ശേഷം കേരളാ സ്റ്റോറി സിനിമയെ കുറിച്ച്‌ പ്രതികരിക്കാമെന്ന് പറഞ്ഞു. കക്കുകളിയടക്കം കേരളത്തില്‍ മതമൈത്രി ദുര്‍ബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.വിഭാഗീയത, വിഭിന്നത ഇവയ്ക്ക് മുന്‍തൂക്കം കിട്ടുന്നത് ശ്രദ്ധയോടെ കാണണം. ഇവയെ അതിജീവിക്കാന്‍ കഴിയണം. അരാഷ്ട്രീയ വാദം വര്‍ഗീയത വര്‍ദ്ധിപ്പിക്കും. തികഞ്ഞ രാഷ്ട്രീയ ബോധം വളര്‍ച്ചയ്ക്ക് അവശ്യമാണ്. എല്ലാവരെയും മാനിക്കുന്ന, പരിഗണിക്കുന്ന, ദുര്‍ബലരായ സഹായിക്കുന്ന അവബോധം എല്ലാവര്‍ക്കും ലഭിക്കട്ടെ. ഇന്ത്യയുടെ ഊഷ്മളത എല്ലാവരെയും ഒരുപോലെ കാണുന്നതാണെന്നും ക്ലീമിസ് കതോലിക്ക ബാവ പറഞ്ഞു.