കാലിക്കറ്റ് സര്‍വകാശാലയില്‍ വ്യാജ രേഖ ചമച്ച്‌ സിന്‍ഡിക്കേറ്റംഗത്തിന്‍റെ ഭാര്യക്ക് നിയമനം; ചാന്‍സലര്‍ക്ക് കത്ത്

single-img
5 November 2022

കോഴിക്കോട്: കാലിക്കറ്റ് സര്‍വകാശാലയില്‍ വ്യാജ രേഖ ചമച്ച്‌ സിന്‍ഡിക്കേറ്റംഗത്തിന്‍റെ ഭാര്യക്ക് നിയമനം നല്‍കിയതില്‍ അന്വേഷണമാവശ്യപ്പെട്ട് ചാന്‍സലര്‍ക്ക് കത്ത്.

സെനറ്റ് അംഗം കൂടിയായ വളളിക്കുന്ന് എം എല്‍ എ അബ്ദുള്‍ ഹമീദാണ് കത്തയച്ചത്. സര്‍വകലാശാലയില്‍ നിന്ന് ഇക്കാര്യത്തില്‍ മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് എം എല്‍ എ അബ്ദുള്‍ ഹമീദ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സമീപിച്ചത്.

സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ അസോ. പ്രൊഫസര്‍ തസ്തിക സിന്‍റിക്കേറ്റ് അംഗത്തിന്‍റെ ഭാര്യക്ക് നല്‍കിയത് ചട്ടവിരുദ്ധമായിട്ടാണെന്നാണ് ഉയരുന്ന ആരോപണം. നിയമനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ സര്‍വകലാശാല വ്യക്തത വരുത്തിയില്ല. ഇതേ തുടര്‍ന്ന് സിന്‍റിക്കേറ്റ് അംഗം കൂടിയായ അബ്ദുള്‍ ഹമീദ് എം എല്‍ എ, തസ്തിക സൃഷ്ടിച്ചതിന്‍റെ വിശദാംശങ്ങള്‍, നിയമന പ്രക്രിയ എന്നിവ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയോട് രേഖാമൂലം ആവശ്യപ്പെട്ടു. സര്‍വകലാശാല പക്ഷെ വിശദാംശങ്ങള്‍ നല്‍കിയില്ല. ഇതിന് പിറകെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് എം എല്‍ എ കത്തയച്ചത്.