നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്; ഗുസ്‍തി താരങ്ങൾക്ക് പിന്തുണയുമായി അപര്‍ണ ബാലമുരളി

single-img
29 May 2023

ലൈംഗിക പീഡനാരോപണം നേരിടുന്ന ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനെതിരായി നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടി അപര്‍ണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അപര്‍ണ ബാലമുരളിയുടെ പ്രതികരണം.

“നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്” എന്ന് ചിത്രത്തിനൊപ്പം അപര്‍ണ എഴുതി. നീതി വൈകുന്നത് നീതി നിഷേധമാണ് എന്ന ഒരു ഹാഷ് ടാഗും അപര്‍ണ സ്റ്റോറിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം നടത്തുന്നത്. അതേസമയം താരങ്ങള്‍ക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.