കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം

single-img
25 September 2022

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം. ഇന്നലെ രാത്രിയാണ് കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്.

പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചി നഗരത്തില്‍ ഒരുമാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കലൂര്‍ സ്‌റ്റേഡിയത്തിന് സമീപത്ത് ഇന്നലെ വൈകീട്ട് ഒരു ഡിജെ പാര്‍ട്ടിയും ഗാനമേളയും നടന്നിരുന്നു. അവിടെയെത്തിയ യുവാവ് പരിപാടിക്കിടെ പ്രശ്‌നങ്ങളുണ്ടാക്കി. ഇതോടെ സംഘാടകര്‍ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു.

എന്നാല്‍ വീണ്ടും തിരിച്ചെത്തിയ ഇയാള്‍ പ്രശ്‌നം ഉണ്ടാക്കിയതോടെ മറ്റൊരാള്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകായിരുന്നു. കുത്തിയ ആള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.