യുവം പരിപാടിയില്‍ അനില്‍ ആന്റണി നടത്തിയ പ്രസംഗം; അനില്‍ ആന്റണിക്ക് സോഷ്യല്‍മീഡിയയില്‍ ട്രോള്‍

single-img
25 April 2023

യുവം പരിപാടിയില്‍ അനില്‍ ആന്റണി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അനില്‍ ആന്റണി പറഞ്ഞ കാര്യത്തിലെ അബദ്ധം കാരണമാണ് പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വൈറലായത്.

125 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്ന പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ അനില്‍ ആന്റണിയെ പരിഹസിച്ച്‌ രംഗത്തെത്തി.

”നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി ഓരോ വ്യക്തിക്കും സാമൂഹികമായിട്ടും സാമ്ബത്തികമായിട്ടും മുന്നേറാന്‍ അവസരങ്ങള്‍ കൊടുത്ത് ഇന്ത്യയെ അടുത്ത 125 വര്‍ഷത്തില്‍ വികസിത രാജ്യമാക്കി, ലോകരാജ്യങ്ങളില്‍ ഒരു വിശ്വഗുരുവാക്കി മാറ്റാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്”- എന്നാ‌യിരുന്നു അനില്‍ ആന്റണിയുടെ പ്രസംഗം. ഇതിലെ സബ്കാ പ്രയാസ് എന്നതും ട്രോളിന് കാരണമായി.

ഈയടുത്താണ് കോണ്‍ഗ്രസ് വിട്ട അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി. കെപിസിസി സൈബര്‍ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന അനില്‍ ആന്റണി ബിബിസി വിഷയത്തിലടക്കം കോണ്‍ഗ്രസുമായി ഇടഞ്ഞ ശേഷമാണ് ബിജെപിയിലെത്തിയത്.

കഴിഞ്ഞ ദിവസമാണ് കൊച്ചി‌യില്‍ യുവം പരിപാടിയില്‍ മോദി പങ്കെടുത്തത്. ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും പ്രധാനമന്ത്രി മോദി. യുവം 2023 വേദിയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ ലോകത്തെ മാറ്റിമറിക്കും. ഇന്ത്യ വേഗത്തില്‍ വളരുന്ന രാജ്യമാണ്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാന്‍ മലയാളി ചെറുപ്പക്കാരും മുന്നോട്ടു വരുന്നു. ജി 20 കേരളത്തിലെ യോഗങ്ങള്‍ വിജയകരമായിരുന്നു എന്നും മോദി പറഞ്ഞു. കേരളത്തിലെ പദ്മശ്രീ പുരസ്‌കാര ജേതാക്കള്‍, ശ്രീ നാരായണ ഗുരു, കെ കേളപ്പന്‍, സ്വാതന്ത്ര സമര സേനാനികള്‍, അപ്പുക്കുട്ടന്‍ പൊതുവാള്‍, നമ്ബി നാരായണന്‍ എന്നിവരെയും മോദി പ്രസംഗമധ്യേ പരാമര്‍ശിച്ചു.

‘പ്രിയ മലയാളി യുവസുഹൃത്തുക്കളേ നമസ്കാരം’ എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെത്തുമ്ബോള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നുവെന്നും മോദി പറഞ്ഞു. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ജനിച്ച നാടാണ് കേരളം. തനിക്ക് ഏറ്റവുമധികം വിശ്വാസം യുവാക്കളിലാണെന്നും മോദി. നവ്യാ നായര്‍, ഉണ്ണി മുകുന്ദന്‍, അപര്‍ണാ ബാലമുരളി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.