ആർ പ്രഗ്നാനന്ദയുടെ മാതാപിതാക്കൾക്ക് ഇലക്ട്രിക് കാർ നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

single-img
28 August 2023

ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ താരം ആർ പ്രഗ്നാനന്ദയുടെ മാതാപിതാക്കൾക്ക് ഇലക്ട്രിക് കാർ നൽകുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സോഷ്യൽ മീഡിയയിലൂടെ പലരും പ്രഗ്നാനന്ദയ്ക്ക് ഥാർ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇവയ്ക്കുള്ള മറുപടിയായാണ് ഥാറിനു പകരം ഇലക്ട്രിക് കാർ നൽകുമെന്ന് ആനന്ദ് മഹീന്ദ്ര എക്സ് ആപ്പിൽ കുറിച്ചത്.

നേരത്തെ ചെസ് ലോകകപ്പില്‍ രണ്ടാം സ്ഥാനക്കരാനായതില്‍ ആഹ്ലാദമെന്ന് പ്രഗ്നാനന്ദ പറഞ്ഞിരുന്നു. ഫിഡെ ലോകകപ്പ് വെള്ളി മെഡല്‍ നേടിയതിന്റെയും 2024 കാന്‍ഡിഡേറ്റ്‌സ് യോഗ്യത ഉറപ്പിച്ചതിന്റെയും ആഹ്ലാദത്തിലാണെന്ന് പ്രഗ്നാനന്ദ ട്വീറ്റ് ചെയ്തു.

അമ്മയോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ചിത്രത്തില്‍ വെള്ളി മെഡല്‍ അമ്മ നാഗലക്ഷ്മിയുടെ കഴുത്തില്‍ ഇട്ടുകൊടുത്തിട്ടുണ്ട്. എല്ലായ്‌പ്പോഴും പിന്തുണയ്ക്കുന്ന, സന്തോഷിക്കുന്ന, അഭിമാനിക്കുന്ന അമ്മയ്‌ക്കൊപ്പം എന്നായിരുന്നു പ്രഗ്നാനന്ദ കുറിച്ചത്. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദിയെന്നും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫൈനലില്‍ നോര്‍വേ ഇതിഹാസ താരം മാഗ്‌നസ് കാള്‍സനോടായിരുന്നു പ്രഗ്നാനന്ദ പരാജയപ്പെട്ടത്.