ചൂരല്‍മല ഫണ്ട് പിരിവിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ഹീനകൃത്യങ്ങളില്‍ അന്വേഷണം വേണം: കെ റഫീഖ്

ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതായി ആരോപിക്കപ്പെടുന്ന ഹീനകൃത്യങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ആവശ്യപ്പെട്ടു. ചൂരൽമല ദുരന്തത്തെ കോൺഗ്രസ് ഏത് രീതികളിൽ ദുരുപയോഗം ചെയ്തുവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഫീഖിന്റെ പ്രതികരണം.
ചൂരൽമല ദുരന്തത്തിന്റെ മുറിവുകളിൽ ഉപ്പുതേച്ചുപോലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് റഫീഖ് ആരോപിച്ചു. ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാനും അവർക്കൊപ്പം സമൂഹം ഒന്നായി നിന്ന സമയത്ത്, രാഹുൽ മാങ്കൂട്ടവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സംഘവും ചൂരൽമലയിലെ മനുഷ്യരുടെ ജീവനെ വെച്ച് ചൂതാടുകയായിരുന്നോ എന്ന ഗുരുതരമായ ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
പുറത്തുവന്ന വെളിപ്പെടുത്തലുകൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ തലയിൽ മാത്രം ചുമത്തി രക്ഷപ്പെടാമെന്ന് കോൺഗ്രസ് നേതൃത്വം കരുതേണ്ടതില്ലെന്നും, അന്നത്തെ മുഴുവൻ നേതൃത്വത്തിനും ഇതിൽ പങ്കുണ്ടെന്നത് വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും റഫീഖ് പറഞ്ഞു. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം അടിയന്തരമായി മറുപടി പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൂരൽമല ദുരന്തബാധിതർക്കെന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പണപ്പിരിവിന്റെ മറവിൽ നടന്നതായി പറയപ്പെടുന്ന ഹീനകൃത്യങ്ങളുടെ മുഴുവൻ വിവരങ്ങളും അന്വേഷിച്ചു കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും, ഇതിൽ കുറ്റക്കാർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കെ. റഫീഖ് കൂട്ടിച്ചേർത്തു.


