അട്ടപ്പാടി പുതൂർ പഞ്ചായത്ത് ചാളയൂരിൽ ആദിവാസി ഊരിന് സമീപം കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന ചരിഞ്ഞു

single-img
3 June 2023

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്ത് ചാളയൂരിൽ ആദിവാസി ഊരിന് സമീപം കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന ചരിഞ്ഞു. ഇന്ന് രാവിലെ ഊരിന് സമീപം എത്തിയ ആനകളെ നാട്ടുകാർ തുരത്തിയിരുന്നു. എങ്കിലും  ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകൾ തമ്മിൽ കൊമ്പ് കോർക്കുകയായിരുന്നു. ചരിഞ്ഞ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്കരിക്കും. 

പാലക്കാട് ജില്ലയിലെ പല മേഖലകളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. മെയ് അവസാന വാരത്തില്‍ മലമ്പുഴയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. മലമ്പുഴ ഡാമിന്‍റെ വൃഷ്ടി പ്രദേശത്താണ് കാട്ടാനകൾ ഇറങ്ങിയത്.  12ഓളം ആനകളുള്ള കൂട്ടത്തില്‍ ഒരു കുട്ടിയാനയും ഉണ്ടായിരുന്നു. ഡാമിൽ നിന്ന് വെള്ളം കുടിക്കാൻ എത്തിയതാണ് ആനക്കൂട്ടം. മലമ്പുഴ പഞ്ചായത്തിലെ ആറ് വാർഡുകളിലായി മുപ്പത് കാട്ടാനക്കൂട്ടം സ്ഥിരമായി എത്താറുണ്ട്. ഇവ പലപ്പോഴും കാടിറങ്ങി പുലർച്ചെയും വൈകിട്ടുമൊക്കെയാണ് മലമ്പുഴ ഡാമിന്റെ വ്യഷ്ടിപ്രദേശത്ത് വെള്ളം കുടിക്കാനെത്തുന്നത്. ഇങ്ങനെ വരുന്ന കാട്ടാനക്കൂട്ടത്തിന് മുന്നിൽ മീന്‍ പിടിക്കാന്‍ എത്തുന്നവര്‍ ഉൾപ്പെടെ കുടുങ്ങാറുണ്ട്. തലനാരിഴക്കാണ് രക്ഷപ്പെട്ടവരും മേഖലയിലുണ്ട്.

വെള്ളം കുടിച്ചതിന് ശേഷമായിരിക്കും ഇവ പലപ്പോഴും ജവനാസ മേഖലയിലേക്ക് ഇറങ്ങാറുള്ളത്. വൈകിട്ടാണ് കാട്ടാനക്കൂട്ടം എത്തിയത്. കാട്ടാന ശല്യത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്ന സാഹചര്യത്തിലാണ് കാട്ടാനക്കൂട്ടത്തിന്‍റെ പതിവ് വിഹാരം എന്നതാണെന്നതാണ് ശ്രദ്ധേയം. മെയ് അവസാന വാരത്തില്‍ തൃശൂർ വാഴാനിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തിയിരുന്നു.വാഴാനി സ്വദേശി ആനന്ദന്റെ വീട്ടിലെത്തിയ ആനയെ വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് കാട് കയറ്റിയത്. പിന്നാലെ കൊമ്പൻ വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെ മുമ്പിൽ വീണ്ടുമെത്തിയിരുന്നു.