ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ രൂപ

single-img
7 October 2022

മുംബൈ: യു എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കുത്തനെ ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ.

എണ്ണവില കുതിച്ചുയരുന്നതും ഡോളര്‍ സൂചിക കുതിച്ചതും രൂപയെ തളര്‍ത്തി. ഇതോടെ രൂപ യുഎസ് ഡോളറിനെതിരെ 82.22 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു.

എണ്ണവില ഇനിയും ശക്തിപ്രാപിച്ചാല്‍ രൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ചരക്ക് വില വര്‍ധിച്ച സാഹചര്യത്തില്‍ ഈ സാമ്ബത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ലോകബാങ്ക് ഒരു ശതമാനം കുറച്ചു.ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 7.5 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി വെട്ടിക്കുറച്ചു.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇത് രൂപയുടെ മൂല്യം കുറയാന്‍ കാരണമാക്കിയിട്ടുണ്ട്. ഡോളറിനെതിരെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ 8 83.5 രൂപ വരെ ഇടിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കഴഞ്ഞ മാസം 28 ന് രൂപ 81 .93 എന്നതിലേക്ക് എത്തിയിരുന്നു.

രൂപയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും ഉടനടി ഒരു പ്രതിഫലനം വിപണിയില്‍ ഉണ്ടായേക്കില്ല. നിലവില്‍ കമ്മിയിലായ ബാങ്കിംഗ് സംവിധാനത്തിലെ അപര്യാപ്തമായ പണലഭ്യതയാണ് ആര്‍ബിഐക്ക് കറന്‍സിയുടെ തകര്‍ച്ചയെ രക്ഷിക്കാന്‍ കഴിയാത്തതിന്റെ ഒരു കാരണം.

അതേസമയം, രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ ആര്‍ബിഐ കരുതല്‍ ധനത്തില്‍ നിന്നും ഡോളര്‍ വിറ്റുവെന്ന വാര്‍ത്ത ഉദ്യോഗസ്ഥ വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം 80ല്‍ മുകളില്‍ എത്തുന്നത് തടയാന്‍ വേണ്ടി ജൂലൈയില്‍ മാത്രം സെന്‍ട്രല്‍ ബാങ്ക് 19 ബില്യണ്‍ ഡോളര്‍ ആണ് അതിന്റെ കരുതല്‍ ധനത്തില്‍ നിന്നും വിറ്റഴിച്ചത് എന്നാണ് റിപ്പോര്‍ട്ട്.