രാജ്യദ്രോഹക്കുറ്റം റദ്ദാക്കും; ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്ന ബില്ലുമായി അമിത് ഷാ

single-img
11 August 2023

രാജ്യത്തെ ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം ബില്ലുകളാണ് അവതരിപ്പിക്കുന്നത്.

ഈ പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങളുടെ പേരിലും സവിശേഷതയുണ്ട്. ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങൾക്ക് പേരിട്ട് അവതരിപ്പിച്ചത്. ജനങ്ങൾക്ക് നീതി ഉറപ്പിക്കാനാണ് മാറ്റമെന്ന് അമിത് ഷാ ബില്ലിനേക്കുറിച്ച് പറഞ്ഞു.

19ാം നൂറ്റാണ്ടിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമം. പരിശോധന നടപടികൾക്ക് വീഡിയോ ദൃശ്യങ്ങൾ തെളിവായി ശേഖരിക്കും. കോടതികളിൽ വേഗത്തിൽ കേസുകൾ തീർപ്പാക്കാൻ നിയമം സഹായിക്കും. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് കിട്ടും. ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റിക്ക് വിടുമെന്ന് ഷാ വിശദമാക്കി. പുതിയ ബില്ലിന്റെ സെക്ഷൻ 150 ൽ രാജ്യത്തിനെതിരായ പ്രവർത്തനങ്ങളെ സംബന്ധിച്ചും പറയുന്നുണ്ട്.