ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡായി ആമസോണ്‍

single-img
18 January 2023

സാന്‍ഫ്രാന്സിസ്കോ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡായി ആമസോണ്‍. ഈ വര്‍ഷം ബ്രാന്‍ഡ് മൂല്യം 15 ശതമാനം ഇടിഞ്ഞ് 350.3 ബില്യണ്‍ ഡോളറില്‍ നിന്ന് 299.3 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാന്‍ഡ് എന്ന നിലയില്‍ ആമസോണ്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ട്.

ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ “ഗ്ലോബല്‍ 500 2023” റിപ്പോര്‍ട്ട് അനുസരിച്ച്‌, ലോകത്തിലെ മൂല്യവത്തായ ബ്രാന്‍ഡുകളില്‍ ആമസോണ്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അതിന്റെ റേറ്റിംഗ് AAA + ല്‍ നിന്ന് AAA ലേക്ക് താഴ്ന്നു. ബ്രാന്‍ഡ് മൂല്യം ഈ വര്‍ഷം 50 ബില്യണ്‍ ഡോളറിലധികം ഇടിഞ്ഞു. ആമസോണിലെ ഉപഭോക്തൃ സേവനത്തെക്കുറിച്ചുള്ള അഭിപ്രായം ഇടിഞ്ഞതായി ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട് ചൂണ്ടിക്കാട്ടി. ഡെലിവറി സമയം കൂടിയത് ഉപഭോക്താക്കളെ നിരാശരാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ മറ്റുള്ളവര്‍ക്ക് ആമസോണ്‍ ശുപാര്‍ശ ചെയ്യാനുള്ള സാധ്യത കുറയുകയും ചെയ്തു.

ഇത് മാത്രമല്ല കൊവിഡ് 19 അവസാനിച്ചതോടെ ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് അവസാനിപ്പിച്ച്‌ സ്റ്റോറുകളില്‍ നേരിട്ടെത്തി വാങ്ങല്‍ നടത്താന്‍ ആരംഭിച്ചതും തിരിച്ചടിയായിട്ടുണ്ട്. ഇത് ഒരു പരിധിവരെ ഓണ്‍ലൈന്‍ വില്‍പ്പനയെ ബാധിച്ചു.

അതേസമയം, ലോകത്തിലെ ഏറ്റവും മൂല്യവത്തായ രണ്ടാമത്തെ ബ്രാന്‍ഡായി ആപ്പിള്‍ പിന്തള്ളപ്പെട്ടു. ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യം 16 ശതമാനം ഇടിഞ്ഞ് 355.1 ബില്യണില്‍ നിന്ന് 297.5 ബില്യണ്‍ ഡോളറായി.വിതരണ ശൃംഖലയിലെ തടസങ്ങളും വരുമാനത്തിലുണ്ടായ ഇടിവും ഈ വര്‍ഷത്തെ ബ്രാന്‍ഡ് മൂല്യത്തിലുണ്ടായ ഇടിവും ആപ്പിളിനെ രണ്ടാം സ്ഥാനത്തെത്തിച്ചു.

ബ്രാന്‍ഡ് ഫിനാന്‍സിന്റെ റാങ്കിംഗില്‍ സ്‌നാപ്ചാറ്റും ട്വിറ്ററും പുറത്തായി. സാംസങ് ഗ്രൂപ്പ് ബ്രാന്‍ഡ് മൂല്യം 7 ശതമാനം കുറഞ്ഞ് 99.7 ബില്യണ്‍ ഡോളറിലെത്തി. ഫേസ്ബുക്ക് 42 ശതമാനം കുറഞ്ഞ് 59.0 ബില്യണ്‍ ഡോളറിലെത്തി, വീചാറ്റ് (2 ശതമാനം കുറഞ്ഞ് 59.0 ബില്യണ്‍ ഡോളറിലെത്തി.

അതേസമയം, ഇന്‍സ്റാഗ്രാമിന്റെ ബ്രാന്‍ഡ് മൂല്യം 42 ശതമാനം ഉയര്‍ന്ന് 47.4 ബില്യണ്‍ ഡോളറിലെത്തി. ലിങ്ക്ഡ്‌ഇനും 49 ശതമാനം ഉയര്‍ന്നു. ഇലക്‌ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ ബ്രാന്‍ഡ് മൂല്യം 44 ശതമാനം ഉയര്‍ന്ന് 66.2 ബില്യണ്‍ ഡോളറിലെത്തി

ഇന്ത്യയില്‍ നിന്ന്, ടാറ്റ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യ റാങ്കിംഗ് കഴിഞ്ഞ വര്‍ഷം 78 ല്‍ നിന്ന് 69 ആയി ഉയര്‍ന്നു.ഇന്ത്യന്‍ ഐടി സേവന കമ്ബനികളില്‍ ഇന്‍ഫോസിസിന്റെ ബ്രാന്‍ഡ് മൂല്യം 158ല്‍ നിന്ന് 150ാം സ്ഥാനത്തേക്ക് കുതിച്ചു. 2020 മുതല്‍ ഇന്‍ഫോസിസിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ 84 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.